മഹായൂതിയിലെ ‘വല്യേട്ടൻ’ പുറത്ത്; സർക്കാരുണ്ടാക്കാനില്ലെന്ന് ബിജെപി; ‘മഹാരാഷ്ട്രീയം’ കൂടുതൽ നാടകീയതയിലേക്ക്

0

സർക്കാർ രൂപീകരണം വൈകുന്ന സാഹചര്യത്തിൽ സർക്കാറുണ്ടാക്കാനില്ലെന്ന് ബിജെപി. കേവല ഭൂരിപക്ഷമില്ലെന്നും അതിനാൽ തന്നെ സ‌ർക്കാരുണ്ടാക്കാനില്ലെന്നുമുള്ള തീരുമാനം ബിജെപിയുടെ നിയമസഭാ കക്ഷി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ​മഹാരാഷ്ട്ര ഗവ‌‌ർണറെ അറിയിച്ചു. ബിജെപിയുടെ അടിയന്തര കോ‌‌ർ കമ്മിറ്റിയോ​ഗത്തിന് ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊണ്ടത്. അമിത് ഷായും വീഡിയോ കോൺഫ്രൻസിം​ഗ് വഴി യോ​ഗത്തിൽ പങ്കെടുത്തു. ഇതിന് ശേഷമാണ് സർക്കാർ രൂപീകരിക്കാനാവില്ലെന്ന് ഫഡ്നാവിസ് ഗവർണറെ അറിയിച്ചത്.

ശിവസേനയുടെ ആവശ്യങ്ങൾക്ക് വഴങ്ങി സർക്കാർ രൂപീകരിക്കേണ്ടെന്നാണ് ബിജെപി തീരുമാനം. ബിജെപി ശിവസേന സഖ്യത്തിനായാണ് ജനങ്ങൾ വോട്ട് ചെയ്തതെന്നും ഈ ജനവിധിയെ വഞ്ചിക്കുകയാണ് ശിവസേന ചെയ്തതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു. ഒരു മുന്നണിയിൽ നിന്നും വിജയിച്ച് ശിവസേന പിന്നിൽ നിന്ന് കുത്തിയെന്നും ബിജെപി വിമർശിച്ചു.

സർക്കാറുണ്ടാക്കാനില്ലെന്ന് ബിജെപി അറിയിച്ചതോടെ അടുത്ത ഊഹം ശിവസേനയ്ക്കാണ്. എൻസിപി- കോൺഗ്രസ് സഖ്യത്തിന്റെ സഹായത്തോടെ സർക്കാറുണ്ടാക്കാനാണ് ശിവസേനയുടെ ശ്രമം. സർക്കാരുണ്ടാക്കാൻ എല്ലാ സാധ്യതകളും സജീവമായി പരിഗണിക്കുകയാണ് കോൺഗ്രസെന്ന് തെളിയിക്കുന്നതാണ് കോൺഗ്രസ് മുൻമുഖ്യമന്ത്രി പൃത്ഥ്വിരാജ് ചവാന്‍റെ വാക്കുകൾ. ശിവസേനയെ പിന്തുണയ്ക്കാൻ മടിയില്ല. ”ഒരു സർക്കാരുണ്ടാക്കുമ്പോൾ തെരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യം തന്നെയാണ് ആദ്യം കണക്കിലെടുക്കേണ്ടത്. പക്ഷേ, ഇവിടെ മഹാരാഷ്ട്രയിൽ ബിജെപി – ശിവസേന സഖ്യം തകർന്നടിഞ്ഞു കഴിഞ്ഞു. അതല്ലെങ്കിൽ ഏറ്റവും വലിയ രാഷ്ട്രീയപാർട്ടി സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കണം. അതുണ്ടായിട്ടില്ല. അപ്പോൾ ആ വഴിയും അടഞ്ഞു. അപ്പോൾ ഗവർണർക്ക് മൂന്നാമത്തെ സാധ്യത പരിഗണിക്കാം. അത് തെരഞ്ഞെടുപ്പിന് ശേഷം രൂപം കൊള്ളുന്ന സഖ്യങ്ങളാണ്. ഭരണത്തിലെത്താൻ വേണ്ട സംഖ്യയുണ്ടെങ്കിൽ ഇത് ഗവർണർ പരിഗണിക്കേണ്ടതാണ്. എന്ത് വില കൊടുത്തും സർക്കാർ രൂപീകരണത്തിൽ നിന്ന് ബിജെപിയെ തടയും”, ചവാൻ വ്യക്തമാക്കുന്നു.

എന്നാൽ സംസ്ഥാന നേതൃത്വം ശിവസേന സഖ്യത്തെക്കുറിച്ച് ​ഗൗരവമായി ആലോചിക്കുമ്പോഴും ശിവസേനയുമായി ഒരു സഖ്യം വേണ്ടെന്ന നിലപാടിലാണ് കോൺ​ഗ്രസ് ദേശീയ നേതൃത്വം. മുതിർന്ന നേതാക്കൾ സംസ്ഥാനത്തെത്തി കാര്യങ്ങൾ പരിശോധിച്ചതിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. നിലവിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 105 സീറ്റുകളാണ് കിട്ടിയത്. സേനയ്ക്ക് 56 സീറ്റുകൾ. 288 അംഗങ്ങളുള്ള നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 145 സീറ്റുകൾ വേണം.കോൺഗ്രസിന് കിട്ടിയത് 44 സീറ്റുകളാണ്. എൻസിപിക്ക് 54 സീറ്റുകളുണ്ട്. ബഹുജൻ വികാസ് ആഖഡിയ്ക്ക് 3 സീറ്റ് കിട്ടി. മജ്‍ലിസ് ഇ-ഇത്തിഹാദുൽ മുസ്ലിമീൻ, പ്രഹർ ജനശക്തി പാർട്ടി, സമാജ്‍വാദി പാർട്ടി എന്നിവർക്ക് 2 സീറ്റുകൾ വീതം കിട്ടി. 13 സ്വതന്ത്രർ ജയിച്ചിട്ടുണ്ട്. സിപിഎമ്മടക്കം ഏഴ് പാർട്ടികൾക്ക് ഓരോ സീറ്റ് വീതവും കിട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here