‘ഗാന്ധി വധത്തിൽ പങ്കില്ലെന്ന് ആണയിടുന്ന ആർഎസ്എസിനോട് രാജ്യം ചോദിക്കണം’; ശ്രദ്ധേയമായി എഎ റഹീമിന്റെ ഫേസ്ബുക്ക് കുറിപ്പ്

0

ഗാന്ധി ജയന്തി ദിനത്തിൽ ആർഎസ്എസ് തലവൻ മോഹൻ ഭഗവതിന്റെ ഗാന്ധി അനുസ്മരണക്കുറിപ്പ് പ്രസിദ്ധീകരിച്ച് രൂക്ഷ വിമർശനം ഏറ്റുവാങ്ങുകയാണ് മാതൃഭൂമി ദിനപത്രം. ഇതിനെതെതിരെ രൂക്ഷവിമർശനമാണ് പല കോണുകളിൽ നിന്നും ഉയരുന്നത്. ചരിത്രം ഒരു എഡിറ്റോറിയൽ ലേഖനം കൊണ്ട് മാറ്റിയെഴുതാനാകില്ലെന്ന ഡിവൈഎഫ്ഐ നേതാവ് എഎ റഹീമിന്റെ ഫേസ്ബുക്ക് കുറിപ്പും ഇതിനോടൊപ്പം ശ്രദ്ധേയമാവുകയാണ്. ഗാന്ധി വധത്തിൽ പങ്കില്ലെന്ന് പറയുന്ന ആർഎസ്എസിനോട് രാജ്യം ചില ചോദ്യങ്ങൾ ചോദിക്കണമെന്നും റഹീം കുറിക്കുന്നു. ‘ഒത്തുതീർപ്പിന്റെ എഡിറ്റോറിയൽ കാലം’ എന്ന തലക്കെട്ടോട്ട് കൂടിയാണ് റഹീമിന്റെ ഫേസ്ബുക്ക് കുറിപ്പ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ഒത്തുതീർപ്പിന്റെ എഡിറ്റോറിയൽ കാലം.

ഗാന്ധിയെ ഒരു കണ്ണടയിൽ ഒതുക്കുകയാണ് മോദി. സ്വച്ഛ ഭാരത് പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ മാത്രമാണ് അവർക്ക് ഗാന്ധി. “ഈശ്വര അല്ലാഹ് തേരെ നാം” പാടിയ ഗാന്ധി, വർഗീയതയ്‌ക്കെതിരെ, ജാതി വെറിക്കെതിരെ നിലപാട് സ്വീകരിച്ച ഗാന്ധിയെ പതിയെ പതിയെ രാജ്യം മറക്കണം എന്നവർ ആഗ്രഹിക്കുന്നു.കലാപം കത്തിപ്പടരുന്ന കൊൽക്കത്തയിലും നവഖാലിയിലും നഗ്നപാദനായി നടന്നു ചെന്നു ഗാന്ധി. “നിനക്ക് ചോരയാണ് വേണ്ടതെങ്കിൽ എന്റെ ചോരയെടുക്കൂ, എന്റെ മുസ്ലിം സഹോദരനെ വെറുതെ വിടൂ….”സംഘപരിവാറിന്റെ വാൾത്തലപ്പുകൾക്കു മുന്നിൽ തലയുയർത്തി നിന്നു ഗാന്ധി. മുസ്ലിം സഹോദരങ്ങളെ ചേർത്തുപിടിച്ചു, രാമഭക്‌തനായ ഗാന്ധി.

ആർഎസ്എസിന്റെയും ഹിന്ദുമഹാസഭയുടെയും കണ്ണിലെ കരടായി ഗാന്ധി മാറിയത്,അദ്ദേഹത്തിന്റെ മത നിരപേക്ഷ നിലപാടുകൾ കാരണമാണ്. വർഗീയതയ്‌ക്കെതിരായ അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത ശബ്ദത്തിന് നേരെയാണ് അവർ വെടിയുതിർത്തതും. ഒടുവിൽ പിടഞ്ഞു വീണതും ഒരു സർവ്വമത പ്രാർത്ഥനാ വേദിയിൽ വച്ചായിരുന്നു.

ഗാന്ധിയെ കൊന്ന ഗോഡ്‌സെ മുൻ ആർഎസ്എസ് പ്രവർത്തകൻ മാത്രമായിരുന്നു എന്നാണ് അവരുടെ വാദം. ഗാന്ധി വധത്തിൽ തങ്ങൾക്ക് പങ്കില്ല എന്ന് ആണയിടുന്ന ആർഎസ്എസിനോട് രാജ്യം ചോദിക്കണം, പിന്നെയെന്തിനായിരുന്നു ഗാന്ധിയെ കൊന്നതിന്റെ സന്തോഷത്തിന് നിങ്ങൾ രാജ്യം മുഴുവൻ മധുരം വിളമ്പിയതെന്ന്?.
ഒരു ഉപഭൂഖണ്ഡം മുഴുവൻ കണ്ണുനീർ വാർത്തു നിൽക്കുമ്പോൾ ആഹ്ലാദനിർത്തവുമായി എന്തിനായിരുന്നു,
തെരുവിൽ ഇറങ്ങിയത് എന്ന്?. സർദാർ വല്ലഭായി പട്ടേൽ ഗോൾവൽക്കർക്ക് അയച്ച കത്തിൽ ആർഎസ്എസിന്റെ ആഹ്ലാദ നൃത്തവും മധുരം വിളമ്പലും പരാമർശിക്കുന്നു. കേരളത്തിൽ ഗാന്ധി വധത്തിൽ സന്തോഷിച്ചു ആർഎസ്എസ് മധുരം വിതരണം ചെയ്ത സംഭവം ഒഎൻവി കുറുപ്പ് അനുസ്മരിച്ചിട്ടുണ്ട്.

ജീവിച്ചിരുന്ന കാലത്തും,കൊന്നിട്ടും പകയോടെ പിന്തുടരുന്നവർക്ക് സ്വച്ഛ ഭാരതത്തിന്റെ പരസ്യ വാചകം മാത്രമാണ് ഗാന്ധി. പ്രബുദ്ധമായ സെക്കുലർ ഗാന്ധിയൻ സന്ദേശങ്ങളെ ഓർമയിൽ നിന്നു മായ്ക്കുക, ഒരിക്കലും മായ്ക്കാൻ പറ്റാത്ത ഗാന്ധിയെ, ‘വൃത്തിയായി ജീവിക്കാൻ’ പറഞ്ഞ ഒരാളായി മാത്രം പുനരവതരിപ്പിക്കുക. ഇതാണ് മോഡിയുടെ നീക്കം.

ഗാന്ധിയെ മായ്ക്കാനാകില്ല, എങ്കിൽ ഗാന്ധിയെ സ്വന്തമാക്കുക. പൊതു സ്വത്തും ശതകോടികളും മാത്രമല്ല പൈതൃകവും മോഷ്ടിക്കിക്കും.നല്ലതെന്ന് പറയാൻ ചരിത്രത്തിൽ സ്വന്തമായി ഒന്നുമില്ലാത്തവർ നല്ല പൈതൃകത്തെ കൊള്ളയടിക്കും!.

സ്വാതന്ത്ര്യ സമര ചരിത്രത്തിൽ രാജ്യത്തെ എല്ലാ വിഭാഗങ്ങളും പങ്കെടുത്തു. പൊരുതി നിന്നു, ഉശിരുള്ള ഇന്ത്യൻ യവ്വനം കൊലക്കയറിൽ തൂങ്ങിയാടി.
ത്യാഗം വാക്കുകൾക്കുമപ്പുറത്ത് തലയുയർത്തി നിന്ന ഇന്ത്യൻ ഭൂതകാലം. അന്ന് ആർഎസ്എസ് വെറും ഒറ്റുകാരായിരുന്നു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കരുത് എന്ന് പറഞ്ഞവർ. മാപ്പെഴുതിയും സന്ധി ചെയ്തും ബ്രട്ടീഷ് സാമ്രാജ്യത്വത്തിന്റെ സുഹൃത്തുക്കളായി നിന്നവർക്ക് പ്രൗഢമായ ഭൂതകാലത്തിന്റെ പങ്ക്‌ പറ്റാനാകില്ല. നല്ല പൈതൃകമില്ല. അപ്പോൾ നല്ല പൈതൃകം മോഷ്ടിക്കും.

അപ്പോൾ, ഈ സന്ധി ചെയ്യൽ ഒരു തെറ്റാണോ? ഏയ്, അല്ല, നല്ല വെടിപ്പോടെ സന്ധി ചെയ്യുക ഒരു കൗശലമല്ലേ? ഒരു മിടുക്കല്ലേ?.

ഇന്ന് കശ്മീർ ജനത തടവറയിലാണ്. എന്താണ് സംഭവിക്കുന്നത് അവിടെ എന്ന് ചോദിച്ചു അവിടേയ്ക്ക് ചെല്ലുന്നത് ഭരിക്കുന്നവർക്ക് അനിഷ്ടമുള്ള കാര്യമാണ്. അവർക്ക് അനിഷ്ടമുള്ളത് ഞങ്ങൾ മാധ്യമങ്ങൾ ചെയ്യുകയേയില്ല. അനിഷ്ടം സമ്പാദിക്കുന്നത് ബുദ്ധിയല്ല. ബുദ്ധിപൂർവ്വം ബന്ധം സ്ഥാപിക്കുകയും വിനീത വിധേയരാകുകയും ചെയ്യുന്നതാണ് ബുദ്ധി.

ആസ്സാമിൽ കൂറ്റൻ ജയിലുകൾ ഒരുങ്ങിക്കഴിഞ്ഞു. ഓ, കൂറ്റൻ പ്രതിമയിരുന്നെകിൽ ലൈവായി റിപ്പോർട്ട് ചെയ്തേനെ. ഇത് ജയിലല്ലേ. രാജ്യമാകെ പൗരത്വ രെജിസ്റ്റർ നടപ്പിലാക്കുമെന്നും, മുസ്ലിങ്ങളെയാണ് ലക്ഷ്യമിടുന്നത് എന്നും ആഭ്യന്തര മന്ത്രി തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു.നോക്കൂ ഭൂരിഭാഗം മാധ്യമങ്ങളും കുറ്റകരമായ നിർവികാരതയോടെ നിശബ്ദമായി നിൽക്കുന്നു.

ബ്രിട്ടനെതിരെ പൊരുതുവാൻ അന്ന് പത്രങ്ങളുമുണ്ടായിരുന്നു. സമരമായി മാറിയ മാധ്യമങ്ങൾ. മാതൃഭൂമി ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നാവായിരുന്നു. നാവൊക്കെ പഴയ കാലത്ത്. അൽപ്പം മെയ്‌വഴക്കം, ലേശം തല കുനിച്ചു, ഒന്ന് ചേർന്നുനിന്നാൽ… അതാണ് ബുദ്ധി. എഡിറ്റോറിയലല്ല, വേണ്ടിവന്നാൽ ഒന്നാം പേജിൽ അവസരം കൊടുക്കും.

ഗാന്ധിയെ സ്മരിക്കാൻ ആർഎസ്എസ് തലവൻ, പ്രസിദ്ധീകരിക്കാൻ മാതൃഭൂമി. ചരിത്രം ഒരു എഡിറ്റോറിയൽ ലേഖനം കൊണ്ട് മാറ്റിയെഴുതാനാകില്ല. ഹിറ്റ്ലർക്കും ചരിത്രത്തെ പേടിയായിരുന്നു. അയാൾ ചരിത്ര പുസ്തകങ്ങൾ കൂട്ടത്തോടെ കത്തിച്ചു. പക്ഷേ ചരിത്രം മരിച്ചില്ല.അറുപതു ലക്ഷം മനുഷ്യരെ ചുട്ട് കൊന്നു.എന്നാൽ ചരിത്രം അതിജീവിച്ചു.
മഹാത്മാ ഗാന്ധിയെ വെടിയുതിർത്തു കൊന്നു. അത് പോലെ വെടിയുതിർത്താൽ ഇന്ത്യൻ ചരിത്രം മരിച്ചു വീഴില്ല.

ഒത്തുതീർപ്പിന്റെ എഡിറ്റോറിയൽ കാലം. ഗാന്ധിയെ ഒരു കണ്ണടയിൽ ഒതുക്കുകയാണ് മോദി. സ്വച്ഛ ഭാരത് പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ…

A A Rahim ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ಅಕ್ಟೋಬರ್ 2, 2019

LEAVE A REPLY

Please enter your comment!
Please enter your name here