ഗൾഫിൽ നിന്നുള്ള വിമാന നിരക്കുകൾ ഉയർന്ന് തന്നെ; പ്രവാസികളെ കൊള്ളയടിച്ച് വിമാനക്കമ്പനികൾ; ഇനി പ്രതീക്ഷ പുതിയ സർക്കാരിൽ

0

 

ദുബായ്: ഗൾഫിൽ നിന്നും നാട്ടിലേക്കുള്ള വിമാന യാത്ര നിരക്ക് കുത്തനെ കൂടിയിരിക്കുകയാണ്. മലയാളികൾ ഏറെ യാത്ര ചെയ്യുന്ന മംഗലാപുരം, കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ദുബായിൽ നിന്നും ഫെബ്രുവരിയിൽ മുന്നൂറ്റമ്പത് ദിർഹംസിന് ലഭിച്ചിരുന്ന ടിക്കറ്റുകൾക്കിപ്പോൾ ആയിരത്തി അഞ്ഞൂറിനും മേലെയാണ്. അതും മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം. അടിയന്തിര സാഹചര്യങ്ങളിൽ യാത്ര ചെയ്യുന്നവർ മൂവായിരം ദിർഹം വരെ നൽകേണ്ട സാഹചര്യമാണിപ്പോൾ.

യു.എ.ഇ.ക്ക് പുറമെ സൗദി അറേബ്യ, ഒമാൻ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലെ മിക്ക വിമാനത്താവളങ്ങളിലേക്കും നിരക്കുകൾ കൂടിയിട്ടുണ്ടെങ്കിലും മലയാളികൾ ഏറെ യാത്ര ചെയ്യുന്ന സെക്ടറുകളിലാണ് വില വർദ്ധനവ് രൂക്ഷമായിട്ടുള്ളത്. ജൂൺ-ജൂലൈ മാസങ്ങളിൽ ഗൾഫിൽ സ്‌കൂളുകളടക്കുന്നതോടെ നിരക്കുകൾ ഇനിയും വർധിക്കാനാണ് സാധ്യത. മുൻകൂട്ടി പ്ലാൻ ചെയ്ത് യാത്ര ചെയ്യാൻ പറ്റാത്ത സാധാരണക്കാരായ പ്രവാസികളാണ് ഇതിന്റെ ദുരിതമേറെയനുഭവിക്കുന്നത്. പെരുന്നാൾ സീസണായതിനാൽ യാത്രക്കാർ കൂടിയതിലുള്ള സ്വാഭാവിക വർദ്ധനവ് മാത്രമാണിതെന്ന് വിമാനക്കമ്പനികൾ ന്യായീകരിക്കുന്നു; മാത്രമല്ല ഓഫ് സീസണുകളിലെ ഭീമമായ സാമ്പത്തിക നഷ്ടങ്ങൾ കുറച്ചെങ്കിലും നികത്തുന്നത് ഇത്തരം യാത്ര സീസണുകളിൽ നിന്നും കിട്ടുന്ന അധിക വരുമാനം കൊണ്ടാണെന്നും വിമാനക്കമ്പനികൾ പറയുന്നു. എന്നാൽ സാഹചര്യം മുതലെടുത്ത് മനപ്പൂർവ്വം തങ്ങളെ പിഴിയുകാണെന്ന് യാത്രക്കാരും പരാതിപ്പെടുന്നു.

ഇക്കുറി ചെറിയ പെരുന്നാളിന് ഗൾഫിൽ ഒരാഴ്ചയോളം അവധി ലഭിക്കുമെങ്കിലും പ്രവാസികൾക്ക് നാട്ടിൽ പോയി അവധി നാളുകൾ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം ആഘോഷിക്കണമെങ്കിൽ ചിലവ് കൂടും. സ്‌കൂൾഅവധിക്ക് നാട്ടിൽ പോകാൻ ഒരുങ്ങുന്ന കുടുംബങ്ങളും വില വർധനവിൽ വലയും. ജൂൺ-ജൂലൈ മാസങ്ങൾക്ക് പുറമേ പെരുന്നാൾ-ക്രിസ്തുമസ്-ന്യു ഇയർ വേളകളിലും നിരക്കുകൾ വളരെ ഉയരുകയാണ് പതിവ്.

ഗൾഫിലും നാട്ടിലുമായി നിരവധി പ്രവാസി സംഘടനകളുണ്ടെങ്കിലും പ്രവാസികളെ ഏറെ ദുരിതത്തിലാക്കുന്ന ഈ പ്രശ്‌നത്തിന് ശാശ്വതമായി പരിഹരിക്കാൻ സാധിച്ചിട്ടില്ല. നിരക്ക് വർദ്ധനവ് മൂർദ്ധന്യത്തിലെത്തുമ്പോൾ മാത്രം നിവേദനങ്ങളുമായി മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും പിന്നാലെ നിവേദനങ്ങളുമായി ഡൽഹിക്ക് പറക്കുകയെന്ന സ്ഥിരം പരിപാടികൾ ചെയ്യുമെന്നല്ലാതെ സാധാരണ പ്രവാസിക്ക് ആശ്വാസം ലഭിക്കുന്ന രീതിയിൽ ക്രിയാത്മകമായി കാര്യങ്ങൾ ചെയ്യാൻ ആർക്കുമായിട്ടില്ലെന്നതാണ് സത്യം. ഏതായാലും പുതുതായി ഭരണത്തിൽ വന്ന കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ അനുകൂല തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.

LEAVE A REPLY

Please enter your comment!
Please enter your name here