അറഫ: മാനവികതയുടെ വിളംബരം

0

(www.big14news.com)ലോകത്തെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രഖ്യാപനമാണ് അന്ത്യ പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ അറഫാ പ്രഭാഷണം. ലോകത്തെ നാഗരീകതയുടെ മാനവീക മൂല്യങ്ങളുടെ വിളംബരമായിരുന്നു അത്. മനുഷ്യ ജീവിതത്തിന്റെ നേർ വഴിയുടെ സകല വാക്കുകളും ആ പ്രസംഗത്തിലൂടെ കടന്ന് പോയിട്ടുണ്ട്.
ഹിജ്‌റ വർഷം പത്തില്‍ നബിതിരുമേനി (സ) ഹജ്ജ്‌ കര്‍മം നിര്‍വഹിച്ചു. കൂടെ ലക്ഷത്തിലേറെ അനുയായികളുമുണ്ടായിരുന്നു. പ്രവാചക ജീവിതത്തിലെ ആദ്യത്തെയും, അവസാനത്തെയും ഹജ്ജായിരുന്നു അത്.

അറഫ മലയിലെ ഉയർന്ന താഴ്വരയില്‍ വെച്ചു നബിതിരുമേനി (സ) വിശ്വാസികളുടെ മഹാ സാഗരത്തെ അഭിമുഖീകരിച്ചു സംസാരിച്ചു. ഖസുവ എന്ന തന്റെ ഒട്ടകപ്പുറത്തായിരുന്നു ചരിത്ര പ്രസിദ്ധമായ പ്രഭാഷണം നടത്തിത്. ജനം കേള്‍ക്കാനായി റാബിയത്തുബ്നു ഉമയ്യ അത്യുച്ചത്തില്‍ ആവര്‍ത്തിക്കുകയായിരുന്നു. വിടവാങ്ങല്‍ പ്രസഗം എന്ന പേരില്‍ അറിയപ്പെടുന്ന ഈ അറഫ പ്രഭാഷണത്തില്‍ മുത്ത് നബി(സ) പറഞ്ഞു.

ജനങ്ങളെ..
എന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുക. ഇനി ഒരിക്കല്‍ കൂടി നിങ്ങളുമായി സന്ധിക്കുവാന്‍ സാധിക്കുമോ എന്ന് എനിക്കറിയില്ല.

ജനങ്ങളെ..
നിങ്ങളുടെ രക്തവും, ധനവും അന്ത്യനാള്‍ വരേ പവിത്രമാണ്. ഈ ദിവസവും, ഈ മാസവും പവിത്രമായത് പോലെ . തീർച്ചയായും നിങ്ങള്‍ നിങ്ങളുടെ നാഥനുമായി കണ്ടു മുട്ടും. അപ്പോള്‍ അവന്‍ നിങ്ങളുടെ കര്‍മ്മങ്ങളെ കുറിച്ചു നിങ്ങളോട് ചോദിക്കും. ഈ സന്ദേശം നിങ്ങൾക്ക് എത്തിച്ചു തരികയെന്ന ചുമതല ഞാന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു. അല്ലാഹുവേ..നീ ഇതിനു സാക്ഷി.

വല്ലവരുടെയും വശം വല്ല അമാനത്തുമുണ്ടെങ്കില്‍ അത് അതിന്റെ അവകാശികളെ തിരിച്ചേല്‍പ്പിച്ചു കൊള്ളട്ടെ.

എല്ലാ പലിശ ഇടപാടുകളും ഇന്നു മുതല്‍ നാം ദുര്‍ബ്ബലപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ മൂലധനത്തില്‍ നിങ്ങൾക്ക് അവകാശമുണ്ട്‌.അതിനാല്‍ നിങ്ങള്‍ക്കൊട്ടും നഷ്ട്ടം പറ്റുന്നില്ല. പലിശ പാടില്ലെന്ന് അല്ലാഹു വിധിച്ചു കഴിഞ്ഞു .

ആദ്യമായി എന്റെ പിതൃവ്യന്‍ അബ്ബാസിന് കിട്ടാനുള്ള പലിശ ഇതാ ഞാന്‍ റദ്ദു ചെയ്തിരിക്കുന്നു. അനിസ്ലാമിക കാലത്തെ എല്ലാവിധ കുടിപ്പകയും, കുല മഹിമ, പദവികളും ഇതോടെ അസാധുവാക്കിയിരിക്കുന്നു.

ജനങ്ങളേ, നിങ്ങൾക്ക് സ്ത്രീകളോട് ചില ബാധ്യതകളുണ്ട്‌. അവർക്ക് നിങ്ങളോടും. നിങ്ങള്‍ക്കിഷ്ട്ടമില്ലാത്തവരെ നിങ്ങളുടെ വിരിപ്പ് സ്പര്‍ശിക്കാന്‍ അനുവദിക്കുത്. വ്യക്തതമായ ദുഷ് പ്രവൃത്തികള്‍ ചെയ്യുകയുമരുത്‌.

സ്ത്രീകളോട് നിങ്ങള്‍ ദയാപുരസ്സരം പെരുമാറുക. അവര്‍ നിങ്ങളുടെ ആശ്രിതരും, പങ്കാളികളുമാണ്. അല്ലാഹുവിന്റെ അമാനത്തായാണ് നിങ്ങള്‍ അവരെ വിവാഹം ചെയ്തത്.

ജനങ്ങളെ..
വിശ്വാസികള്‍ പരസ്പരം സഹോദരങ്ങളാണ്. തന്റെ സഹോദരന്‍ മനസ്സം ത്രിപ്തിയോടെ തരുന്നതല്ലാതെ ആർക്കും ഒന്നും അനുവദനീയമല്ല. അതിനാല്‍ നിങ്ങളന്യോന്യം ഹിംസകളിലേര്‍പ്പെടാതിരിക്കുക. അങ്ങിനെ ചെയ്‌താല്‍ നിങ്ങള്‍ സത്യനിശേധികളാകും.

ജനങ്ങളെ..
എന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുക.വളരെ വ്യക്തമായ കാര്യം ഇവിടെ വിട്ടേച്ചാണ് ഞാന്‍ പോകുന്നത്. അല്ലാഹുവിന്റെ ഗ്രന്ഥവും, അവന്റെ ദൂതന്റെ ചര്യയുമാണത്.

ജനങ്ങളെ,
നിങ്ങളുടെ ദൈവം ഏകനാണ്. നിങ്ങളെല്ലാം ഒരേ പിതാവിന്റെ മകളാണ്. നിങ്ങളെല്ലാം ആദമില്‍ നിന്നുള്ളവരാണ്. ആദമോ മണ്ണില്‍ നിന്നും. അതിനാല്‍ അറബിക്ക് അനറബിയേക്കാളോ, അനറബിക്ക് അറബിയെക്കാളോ ഒട്ടും ശ്രേഷ്ട്ടതയില്ല. ദൈവ ഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ.

അല്ലാഹുവേ..
ഞാന്‍ ഈ സന്ദേശം എത്തിച്ചു കൊടുത്തില്ലേ? അല്ലാഹുവേ..നീയിതിനു സാക്ഷി. അറിയുക:ഈ സന്ദേശം കിട്ടിയവര്‍ അത് കിട്ടാത്തവര്‍ക്ക് എത്തിച്ചു കൊടുക്കട്ടെ…

-വൈ ഹനീഫ കുംബടാജെ

LEAVE A REPLY

Please enter your comment!
Please enter your name here