ഐസ്‌ക്രീം

0

കഥ(www.big14news.com): ആ ഐസ്‌ക്രീമിന്റെ കടമിപ്പോഴും ബാക്കി കിടപ്പുണ്ട്. ചെറിയൊരു വേദനയായി. കുറേ കാലങ്ങള്‍ക്ക് മുന്‍പാണ്, അത്ര കൃത്യമായിട്ടല്ലാതെ പറഞ്ഞാല്‍ തനിക്ക് വേണ്ടി മനുഷ്യര്‍ പണിത് വെച്ചിരിക്കുന്ന കൊട്ടാരങ്ങളിലെ അലങ്കാരങ്ങളില്‍ മനം നൊന്ത് കര്‍ത്താവ് പള്ളി വിട്ടിറങ്ങിപ്പോയിട്ട് കാലം കുറച്ചായിന്ന് വെളിപാടുണ്ടായി. പള്ളിയില്‍ പോക്ക് നിര്‍ത്തുന്നതിനും മുന്‍പാണ് ഈ സംഭവം നടന്നത്.

കോട്ടയത്തുള്ളൊരു പള്ളിയില്‍ പെരുന്നാള്‍ കച്ചവടം പൊടിപൊടിക്കുന്നൊരു നട്ടുച്ചക്കാണ് ഞങ്ങള്‍ അവിടെ എത്തിച്ചേര്‍ന്നത്. ഞങ്ങള്‍ എന്നു വെച്ചാല്‍ ഞാനും അരുണും. പള്ളി പരിസരങ്ങളില്‍ മാത്രം കാണപ്പെടാറുള്ള നല്ല കുഞ്ഞാടായ എന്റെ മുന്‍ കാമുക ദര്‍ശനം എന്ന നിഗൂഢ ലക്ഷ്യം കൂടി ഈ യാത്രാ പദ്ധതിയുടെ പിന്നിലുണ്ടായിരുന്നു. അങ്ങനെ വിശ്വാസികളുടെ തിക്കും തിരക്കും കൊണ്ട് ശ്വാസം മുട്ടി നില്‍ക്കുന്ന പള്ളിയുടെ പരിസര പ്രദേശങ്ങളിലൂടെ കാഴ്ച കണ്ടുള്ള നടത്തം നേരേ ചെന്നു നിന്നത് കുരിശുത്തൊട്ടിക്ക് സമീപത്താണ്. അവിടുള്ള നേര്‍ച്ച പെട്ടികളില്‍ നിന്നും ചാക്കുകളില്‍ പണം വാരി നിറക്കുന്ന കാഴ്ച്ച കണ്ട് കണ്‍കുളിര്‍ത്തു മനം നിറഞ്ഞു മുന്നോട്ട് നടന്ന് ഞങ്ങള്‍ വഴിക്കച്ചവടക്കാര്‍ക്ക് അരികിലെത്തി.

അപ്പോഴാണ് വെളുത്ത ചിരിയുമായി തല മുക്കാലും നരച്ച പഴകിയതെങ്കിലും വൃത്തിയുള്ള വസ്ത്രം ധരിച്ച ആ സ്ത്രീ എത്തിയത്. തിരക്കിനിടയിലും തന്റെ ചിരിക്ക് മറുചിരി കിട്ടിയത് കൊണ്ടാവണം അവര്‍ കുറച്ചു സമയം എന്റെ അടുത്ത് തന്നെ നിന്നത്.

വെയിലിനെ മറക്കാന്‍ തലയില്‍ ഇട്ടിരുന്ന സാരിയുടെ തലപ്പ് ഊര്‍ന്നു പോയത് വീണ്ടും വലിച്ചു തലയില്‍ ഇടുമ്പോള്‍ അവര്‍ എന്നേ നോക്കി ഒരിക്കല്‍ കൂടി ചിരിച്ചു. എന്റെ മറുചിരിയില്‍ ഇവരെന്തിനാ എന്നെ നോക്കി ചിരിക്കുന്നത് എന്ന സംശയം കലര്‍ന്നതോടു കൂടി ഇനി ഇവിടെയുള്ള നില്‍പ് പന്തിയല്ല തിരിച്ചു പോയേക്കാം എന്ന് തീരുമാനിച്ചു ഞങ്ങള്‍ മുന്നോട്ട് നടന്നു ബൈക്കിനടുത്തെത്തിയപ്പോള്‍ അവരുണ്ട് പിന്നാലേ. അടുത്ത് വന്ന് ശബ്ദം താഴ്ത്തി ചോദിച്ചു.
‘ എനിക്കൊരു ഐസ്‌ക്രീം വാങ്ങി തരുമോ?’ എന്റെ ചിരിയില്‍ ഇത് കൊള്ളാമല്ലോ എന്ന ഭാവം നിറഞ്ഞു. ‘ഐസ്‌ക്രീമോ?’ ഞാന്‍ ചോദിച്ചു. അവര്‍ അതെയെന്ന് തലകുലുക്കി. ഞാന്‍ അരുണിനെ തോണ്ടി. ഇതിനകം ബൈക്കില്‍ കയറിയിരുന്ന അവന്‍ എന്താ വേണ്ടത് എന്ന ഭാവത്തില്‍ എന്നേ നോക്കി. ‘നീ വണ്ടി വിട്, വല്ല ഭക്ഷണം ആണെങ്കില്‍ വാങ്ങി കൊടുക്കാം, ഇതൊരുമാതിരി, ‘ അരുണ്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ അവര്‍ ഞങ്ങള്‍ക്ക് പോകാനായി വഴി മാറി തന്നു.

വണ്ടി മുന്നോട്ട് നീങ്ങിക്കഴിഞ്ഞു. ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ അവര്‍ അവിടെ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. അവരുടെ മുഖത്തു നിന്ന് പക്ഷേ ചിരി മാഞ്ഞുപോയിരുന്നു. എനിക്കിപ്പൊഴും പിടി കിട്ടിയിട്ടില്ല ഞാനെന്താ അന്നങ്ങനെ തീരുമാനിച്ചതെന്ന്. കാലം ഇത്ര കഴിഞ്ഞിട്ടും അവരുടെ ആ ചിരി മറഞ്ഞ മുഖം എനിക്ക് മറക്കാന്‍ കഴിഞ്ഞിട്ടില്ല.

നമ്മള്‍ നമുക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ക്കാണല്ലൊ ഐസ്‌ക്രീം വാങ്ങി നല്‍കുന്നത്. ഒരു പക്ഷേ അവര്‍ക്ക് ഐസ്‌ക്രീം വാങ്ങി നല്‍കിയിരുന്ന പ്രിയപ്പെട്ടവരുടെ ഓര്‍മ്മയിലാകാം അവരാ ചോദ്യം ചോദിച്ചത്. അതുമല്ലെങ്കില്‍ ഐസ്‌ക്രീം വാങ്ങി നല്‍കാന്‍ അങ്ങനെ പ്രിയപ്പെട്ടവരാരും ഉണ്ടായിരുന്നില്ലേ അവര്‍ക്ക്…?

അറിയില്ല, എന്തായാലും ആ കടമിന്നും ബാക്കിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here