ഒരുക്കം

0

(www.big14news.com)

സഞ്ചരിച്ച വഴികൾ ഏറെ ദുഷ്കരം. ഇനി നടന്നു നീങ്ങാൻ അധികം ദൂരമില്ല.

എന്തിനും ഒരു അവസാനം എന്നൊന്നുണ്ടല്ലോ?

ആർക്കുവേണ്ടി ജീവിച്ചോ, ആർക്കുവേണ്ടി സമ്പാദിച്ചോ അവൻ ഇതാ ചാരമാകുന്നു. തന്നെ യാത്രയാക്കാനുള്ളവനെ താൻ യാത്രയാക്കുന്നു.

ഒന്നുറക്കെ കരയാൻ പോലുമാകാതെ തളർന്നു കിടക്കുന്ന സാവിത്രിയുടെ രൂപം അയാളുടെ മനസ്സിൽ വിങ്ങൽ അവശേഷിപ്പിച്ചു.

ഒരു പക്ഷേ അയാൾ ലോകം മുഴുവൻ ഓടിതീർത്ത കിലോമീറ്ററിൽ കൂടുതൽ വരും അവൾ ആ ചുവരുകൾക്കിടിൽ , മുറികളിൽ നിന്നും മുറികളിലേക്ക്‌ നടന്നു നീങ്ങിയത്‌.
പക്ഷേ പറയുമ്പോൾ ആ കണക്കുകൾക്ക്‌ ഒരു രേഖയുണ്ടായിരുന്നില്ല.

അവളുടെ ലോകം ആ വീടിനുള്ളിൽ ഒതുങ്ങി.

എരിയുന്ന ചിതയുടെ തീനാളങ്ങൾ വായുവിലേക്ക്‌ പുകചുരുളുകളായി ഉയരുമ്പോഴും വെടിവെച്ചാൽ പൊട്ടാത്ത പാറപോലെ അയാൾ നിന്നു.

അയാളുടെ ഹ്യദയത്തിലൂടെ എന്തൊക്കെയോ കടന്നുപോകുന്നുണ്ട്‌.

ചിന്താധീനമായ മുഖം.

“സമയമില്ലച്ഛാ വേഗം പോണം”.

ഇതായിരുന്നു മനുവിന്റെ അവസാന വാക്ക്‌.

വേഗത്തിലുള്ള യാത്ര മറ്റൊരിടത്തേക്കാണെന്ന് ആ യാത്രാമൊഴിയിൽ നിന്നും മനസ്സിലായില്ല.

വീടിനു പിന്നിലേക്ക്‌ നടന്നു ആരും കാണാത്തിടമെത്തിയപ്പോ വിശ്വനാഥൻ മുഖം പൊത്തി കരഞ്ഞു.

ആ തേങ്ങൽ ആ അന്തരീക്ഷത്തിലെ കാറ്റിൽ അലിഞ്ഞു ഒഴുകിനടന്നു.

എല്ലാവരുടേയും മുഖം ദു:ഖപൂരിതം. ചിതയിൽ എരിയുന്നവനെക്കാൾ ആ ദു:ഖഭാരത്താൽ എരിയുന്നവരെ ഓർത്ത്‌.

മരണം അതൊരു വേർപ്പാട്‌ തന്നെയാണ്‌.
സ്നേഹത്തിന്റെ കണ്ണിയെ കാലം അറുത്തുമാറ്റും. അതിന്റെ വരവ്‌ കള്ളനെപോലെയും. മനസ്സിനു താങ്ങാൻ ആകില്ല.

ബന്ധുജനങ്ങൾ, സുഹ്യത്തുക്കൾ, നാട്ടുകാർ എല്ലാവരും ആശ്വാസവാക്കുകൾ അനുശോചനങ്ങൾ പറഞ്ഞു യാത്രയായി.

അവരോട്‌ എന്താ പറയുക. തന്നോട്‌ എന്ത്‌ പറയണം എന്ന് കരുതി വൈഷ്യമ്യത്തോടെ നിൽക്കുന്ന പലമുഖങ്ങൾ.

സാവിത്രിയുടെ അരികിലെത്തി. കട്ടിലിൽ തളർന്നു കിടക്കുകയാണവൾ. കവിളിൽ കണ്ണീരൊഴുകിയ പാടുകൾ. ആശ്വസിപ്പിക്കാൻ ഇരിക്കുന്ന സ്ത്രീകൾക്ക്‌ നടുവിൽ ഇനി ആരെ പ്രതീക്ഷിക്കാൻ എന്ന മട്ടിൽ കിടക്കുകയാണവൾ.
എന്നെ കണ്ടതും ഏങ്ങലടിച്ചുകൊണ്ട്‌ പറഞ്ഞു,
“വിശ്വ്വേട്ടാ അവനു ആ ബൈക്ക്‌ വാങ്ങികൊടുക്കണ്ട എന്ന് എത്ര തവണ പറഞ്ഞതാ, കേട്ടില്ലല്ലോ?”

വീണ്ടും ഏങ്ങലടിച്ചുള്ള നിലവിളി. നിളവിളിക്കുന്ന കൂട്ടത്തിൽ എന്തൊക്കെയോ അവൾ പറയുന്നുണ്ട്‌. ഒന്നും വ്യക്തമാകുന്നില്ല.

വേണ്ട എന്ന് പലവട്ടം അവൾ പറഞ്ഞത. കേട്ടില്ല. അവന്റെ ആഗ്രഹം, ഒരു ഡ്യൂക്ക്‌.
അയാൾ ചിന്തിച്ചു, “ആ പ്രായത്തിൽ എന്റെ ആഗ്രഹം സാധിക്കാൻ അച്ഛനെകോണ്ടാകുമായിരുന്നില്ല.”
പക്ഷേ എന്റെ മകന്റെ ആഗ്രഹം സാധിച്ചുകൊടുക്കാൻ ഇന്ന്എന്നെകൊണ്ട്‌ സാധിക്കും.

അതിരുകവിഞ്ഞ അഹങ്കാരവും ആത്മവിശ്വാസവും ഇന്നയാളെ വിങ്ങലിന്റെ മറ്റൊരു തലത്തിലെത്തിച്ചിരിക്കുന്നു.

സുഹ്യത്തിന്റെ മൊബെയിലിൽ അപകടസ്ഥലത്തെ ചിത്രങ്ങൾ കണ്ടു. കൂമ്പടഞ്ഞു ഒടിഞ്ഞു വീണ വാഴപോലെ മുൻഭാഗം തകർന്നു കിടക്കുന്ന ബൈക്ക്‌. അതിനരികിൽ ഞരമ്പ്‌ പൊട്ടി വാർന്നൊഴുകിയ ചോര. തന്റെ മകന്റെ ചോര.

പെരുവിരലിൽ നിന്നും ശിരസ്സിലേക്ക്‌ ഒരു മിന്നൽ കടന്നുപോയപോലെ. തളർന്ന് വീഴുമോ എന്ന് അയാൾക്ക്‌ സംശയം തോന്നി.

ഒരു വശത്ത്‌ ചിരിച്ച മുഖവുമായി ഇറങ്ങിപോയ അവന്റെ അവസാന നിമിഷങ്ങളും മറുവശത്ത്‌ ആ ചിരി ഇനി ഇല്ല എന്ന ഓർമ്മപെടുത്തലുമായി ആകാശത്തിലേക്ക്‌ ഉയരുന്ന പുകച്ചുരുളുകളും.

ആളൊഴിഞ്ഞു. പന്തലിനു താഴെ അടക്കി വച്ചിരിക്കുന്ന റീത്തുകൾ, അനാഥമായി ഒരു കോണിൽ കിടന്നുന്ന വിളക്കുകൾ. വരാന്തയിലെ കസേരയിൽ അയാൾ ഇരുന്നു. അകം തേങ്ങുന്നത് പുറം ലോകത്തെ അയാൾ അറിയിക്കുന്നില്ല.

ഒടുക്കം അയാളും സാവിത്രിയും ഏതാനും ചില ബന്ധുജനങ്ങളും മാത്രമായി ആ വീട്ടിൽ. ശാന്തമായ മൂകത ആ വീടിനെ ഒരു ശ്മശാനം പോലെയാക്കി.

എല്ലാവരും ഉറങ്ങി. മുറിയിൽ ചെന്ന് നോക്കിയപ്പോൾ സാവിത്രി തളർന്നുറങ്ങുകയാണ്‌.

ആരുമറിയാതെ അയാൾ മെല്ലെ ഇറങ്ങി നടന്നു. എരിഞ്ഞടങ്ങിയ ചിതക്കരികിൽ വന്നിരുന്നു.

രാത്രിയുടെ നിശബ്ദതയിൽ കണ്ണുനീർ ധാരയായി ഒഴുകി. നിശബ്ദമായ ആ തേങ്ങലുകൾ കാറ്റിൽ അലിഞ്ഞു. പെട്ടെന്ന് അയാളുടെ ചുമലിൽ ഒരു കൈ.

അയാൾ ഞെട്ടി തിരിഞ്ഞു നോക്കി.

സാവിത്രി.

രാവിന്റെ ആ നിശബ്ദതയിൽ അവർ രണ്ടുപേരുടെയും കണ്ണുനീർ ആ എരിഞ്ഞടങ്ങിയ ചിതയിൽ വീണു.

നിശബ്ദമായ ഭാഷയിൽ തങ്ങളുടെ ഓമനയോട്‌ അവർ അന്ത്യയാത്ര പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here