ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ കശ്മീര്‍ ജനതയുടെ ഏറെക്കാലമായുള്ള ആഗ്രഹം; ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി

0

ദില്ലി: എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ കശ്മീര്‍ ജനതയുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് സഫലീകരിച്ചതെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. അനുച്ഛേദം 370 അനിവാര്യമായിരുന്നു എങ്കിൽ എന്തിന് താല്‍ക്കാലികമായി നിലനിര്‍ത്തി. കശ്മീരിന്റെ പ്രത്യേക പദവിക്കായി വാദിക്കുന്നവർ ഇതിന് മറുപടി പറയണം. 70 വര്‍ഷത്തെ തെറ്റ് 70 ദിവസം കൊണ്ട് തിരുത്തി. സര്‍ദാര്‍ പട്ടേലിന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള യാത്രയിലാണ് സർക്കാരെന്നും എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്നും മോദി പറഞ്ഞു.

ഇന്ന് രാജ്യം മറ്റൊരു സ്വാതന്ത്ര്യദിനത്തിലേക്ക് ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ പല മേഖലകളും പ്രളയദുരിതത്തിലാണ്. ദേശീയ ദുരന്തനിവാരണസേന ഉള്‍പ്പെടെയുള്ളവര്‍ പ്രളയ ബാധിതമേഖലകളില്‍ പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു.  പ്രളയത്തില്‍ വലിയൊരു വിഭാഗം ജനങ്ങള്‍ കഷ്ടപ്പെടുന്നു. പ്രളയരക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സജ്ജീകരണങ്ങളും ഒരുക്കും. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കും. മുസ്‌ലിം സ്ത്രീകളുടെ ശാക്തീകരണത്തിനാണ് മുത്തലാഖ് നിരോധിച്ചത്. എല്ലാവര്‍ക്കും ആരോഗ്യമെന്ന ലക്ഷ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണം- പ്രധാനമന്ത്രി പറഞ്ഞു. രാജ്ഘട്ടില്‍ മഹാത്മഗാന്ധിയുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജമ്മുകശ്മീര്‍ കനത്ത സുരക്ഷാ വലയത്തിലാണ്. കശ്മീര്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ മറ്റു പ്രധാന കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കനത്ത സുരക്ഷാ വലയത്തിലാണ് ചെങ്കോട്ടയും പരിസരവും.ആഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹിയിലെ മെട്രോ സ്‌റ്റേഷനുകളിലും വിമാനത്താവളത്തിലും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here