അവർ അങ്ങനെയാണ്… പക്ഷെ നമ്മളോ…

0

കാസറഗോഡ് കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡിൽ മറ്റൊരു ദുരന്തം കൂടി.ഏവരെയും കണ്ണ് നനയിച്ചു പതിനഞ്ചുകാരനായ പൊന്നുമോൻ കടന്നു പോയി.

ഇനിയും പുനർവിചിന്തനം നടത്തിയില്ല എങ്കിൽ നമ്മൾക്കെന്ത് സാമൂഹ്യ പ്രതിബദ്ധതയാണുള്ളത്.

ഹൈസ്കൂൾ ഹയർസെക്കണ്ടറി യൂണിഫോമുകൾ അണിഞ്ഞു മൂന്നുപേരെ ഇരുത്തി ഹെൽമറ്റോ ലൈസൻസോ ഇല്ലാത്ത നമ്മുടെ കുട്ടികൾ രാവിലെയും വൈകുന്നേരങ്ങളിലും നഗരത്തിലും പരിസര പ്രദേശങ്ങളിലും ചീറിപ്പായുന്നത് നിത്യകാഴ്‌ച്ചയാണ്…

അവർ നമ്മുടെ മക്കൾ അവരങ്ങനെയാണ്…അവരുടെ പ്രായത്തിന്റെ പ്രസരിപ്പിൽ അവർക്ക് പലതും ചെയ്യാൻ തോന്നും…ഒരു ബൈക്കും രണ്ട് കൂട്ടുകാരെയും കിട്ടിയാൽ അത് തന്നെയാണ് ലോകം എന്ന് അവർ കരുതും….ചിലപ്പോൾ അവരുടെ ചുറ്റുപാടുള്ളതിനെ കാണാൻ അവർക്ക് കഴിഞ്ഞെന്നു വരില്ല…..ആ പ്രായം അങ്ങനെയാണ്…..

എന്നാൽ നമ്മൾ മുതിർന്നവർ അങ്ങനെയല്ലല്ലോ…..രക്ഷിതാവ് എന്ന വാക്ക് അപേക്ഷാഫോമുകളിൽ ചേർക്കാൻ പറ്റിയ ആലങ്കാരിക പദം മാത്രമാണോ…അതിനു വലിയ അർത്ഥ തലങ്ങളില്ലേ…തന്റെ കുട്ടിക്ക് എല്ലാ തരത്തിലുള്ള രക്ഷയും നൽകേണ്ടവനല്ലേ രക്ഷിതാവ്.ബൈക്ക് ആവശ്യപ്പെടുന്ന തന്റെ പതിനഞ്ചുകാരനോട് സമയമായില്ല എന്ന് പറയാൻ നമ്മുടെയുള്ളിലെ രക്ഷിതാവിനു കഴിയാത്തതെന്തേ…അത് പറഞ്ഞാല് ദേഷ്യപ്പെടലും ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്യുന്ന മക്കളാണ് നമ്മുടേതെങ്കിൽ അവരെ ആ രീതിയിൽ വളർത്തിയതിൽ നമുക്കും പങ്കില്ലേ….ബൈക്കിൽ രണ്ട് കുട്ടികൾ വന്നു നമ്മുടെ ഗേറ്റിനു മുമ്പിൽ നിൽക്കുമ്പോൾ മൂന്നാമതായി നമ്മുടെ മകൻ കയറുന്ന സമയത്ത് അരുത് മോനെ എന്ന് നമുക്ക് പറയാൻ പറ്റാത്തതെന്തേ….അവരുടെ അറിവില്ലായ്മക്ക് നമ്മളെന്തിന് വളം വെച്ച് കൊടുക്കണം…

സ്കൂളുകളും സന്നദ്ധ സംഘടനകളും നിയമപാലക റോഡ് സുരക്ഷാ സംവിധാനങ്ങളും നിരന്തരം ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചിട്ടും നമ്മുടെ മക്കൾ ബോധവാന്മാരാവാത്തതെന്തെ…എവിടെയോ നമുക്ക് പിഴക്കുന്നുണ്ട്….നമ്മുടെ മുൻപിലൂടെ 3 കുട്ടികൾ ബൈക്കിൽ പോകുമ്പോൾ അവരെ നിർത്തി ഉപദേശിക്കാനുള്ള മനസ്സ് നമുക്ക് വരാത്തതെന്തേ…ആരുടെയോ മക്കളാണെന്ന്‌ വിചാരിച്ചു അവരെ വിടുകയാണെങ്കിൽ നമ്മുടെ മക്കൾ മറ്റൊരു ഭാഗത്ത് ഈ അവസ്ഥയിൽ ഉണ്ടായേക്കാം എന്ന യാഥാർഥ്യം മനസ്സിലാക്കാത്തതെന്തേ…

നമുക്ക് ഒരുമിച്ചു നിന്നൂടെ…ഇനിയൊരു കുഞ്ഞുമോന്റെയും ശരീരം റോഡിൽ ചിന്നിച്ചിതറാതിരിയ്ക്കാൻ…നടുറോഡിൽ ഇളം രക്തം ഒഴുകാതിരിക്കാൻ…

ലൈസൻസില്ലാത്ത നമ്മുടെ മക്കൾക്ക് ഇനി വണ്ടി നൽകില്ലെന്ന് പ്രതിജ്ഞഎടുത്തൂടെ…മൂന്നു പേരുമായി റോഡിൽ ചീറിപ്പായാൻ നമ്മുടെ മക്കളെ അനുവദിക്കില്ലെന്ന് തീരുമാനിച്ചൂടെ..