സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ചാമ്പ്യൻഷിപ് ; യോഗയില്‍ അശ്വിന് രണ്ടാം സ്ഥാനം

0

കാസര്‍കോട്: മാറിവരുന്ന വിദ്യാര്‍ത്ഥി തലമുറയ്ക്ക് വഴികാട്ടിയും മാതൃകയുമായി ഇനി യുവ യോഗമാസ്റ്റര്‍ പൈക്കയിലെ കെ.പി അശ്വിന്‍. യോഗയില്‍ സംസ്ഥാനതലത്തില്‍ അശ്വിന് ലഭിച്ചത് രണ്ടാം സ്ഥാനവും എ ഗ്രേഡും. തിരുവന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ വെച്ച്‌ നടന്ന അറുപത്തിരണ്ടാമത് കേരള സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ചാമ്പ്യൻഷിപ്പിലാണ് യോഗയില്‍ രണ്ടാം സ്ഥാനം നേടിയത്.

ദൈനംദിന ജീവിതത്തില്‍ യോഗ ഒരു ശീലമാക്കിയതാണ് ഈ വിജയമന്ത്രങ്ങളുടെ പിന്നിലെ അധ്വാനമെന്ന് അശ്വിന്‍ പറയുന്നു. ചെറുപ്പത്തില്‍ മുള്ളേരിയ വിദ്യാശ്രീ സ്‌കൂളില്‍ നിന്നും തുടങ്ങിയ യോഗപരിശീലനം പതിനേഴാം വയസിലും ചിട്ടയായി ചെയ്യാന്‍ കഴിയുന്നു എന്നതാണ് അശ്വിന്റെ വിജയം. ഇഷ്ട യോഗയായ ഭൂമാസന, അര്‍ദ്ധ കുക്കുടാസന എന്നീ ആസനമുറകളിലാണ് അശ്വിന്‍ ഏറ്റവും കൂടുതല്‍ കയ്യടി നേടിയിട്ടുള്ളത്. നല്ല ശാരീരിക വടിവും മെയ്‌വഴക്കവും ചിട്ടയായ പരിശീലനവും നടത്തുന്ന അശ്വിന്‍ അറുപത്തിരണ്ടാമത് കേരള സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ചാമ്പ്യൻഷിപ്പില്‍ യോഗയില്‍ (മുതിര്‍ന്നവരുടെ വിഭാഗം) രണ്ടാം സ്ഥാനത്തോടെ തുടര്‍ച്ചയായ അഞ്ചാം തവണയാണ് ദേശീയ ഗെയിംസ് ചാമ്പ്യൻഷിപ്പിന് അര്‍ഹത നേടിയത്.

2019 ജനുവരിയില്‍ ഡല്‍ഹിയില്‍ വെച്ചാണ് ദേശീയ ഗെയിംസ് നടക്കുന്നത്. സ്വയം പരിശീലിക്കുന്നതോടൊപ്പം സഹപാഠികളെ യോഗചെയ്യാന്‍ പ്രേരിപ്പിക്കാനും അശ്വിന്‍ സമയം കണ്ടെത്തുന്നുണ്ട് . എടനീര്‍ സ്വാമിജീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ അശ്വിന്‍ പൈക്ക പാട്ടിപ്പള്ളം എന്‍ എ ശിവരാമന്റെയും കെ പി ജയചിത്രയുടെയും മകനാണ്. യോഗപരിശീലനത്തിലൂടെ പഠനകാര്യങ്ങളിലും മുന്‍നിരയില്‍ എത്തി നില്‍ക്കുന്ന അശ്വിന്‍ നവംബറില്‍ നടന്ന ജില്ലാ ഗണിത ശാസ്ത്രമേളയില്‍ എ ഗ്രേഡോടെ മൂന്നാം നേടിയിരുന്നു.