പ്ലസ് ടു മോഡല്‍ പരീക്ഷയ്ക്കിടെ കോപ്പിയടി പിടികൂടിയ അധ്യാപകന് വിദ്യാര്‍ത്ഥിയുടെ ക്രൂര മർദ്ദനം

0

പ്ലസ് ടു മോഡല്‍ പരീക്ഷയ്ക്കിടെ കോപ്പിയടി പിടികൂടിയ അധ്യാപകന് വിദ്യാര്‍ത്ഥിയുടെ ക്രൂര മർദ്ദനം. ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകന്‍ ചെറുവത്തൂര്‍ തിമിരി സ്വദേശി ഡോ. ബോബി ജോസാണ് മർദ്ദനത്തിന് ഇരയായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവും അധ്യാപകനുനേരെ കയ്യേറ്റതിന് മുതിര്‍ന്നു. സംഭവത്തിൽ പ്ലസ് ടൂ വിദ്യാർത്ഥിയായ മുഹമ്മദ് മിർഷാദ് (20) നെയും പിതാവ് ചെമ്മനാട്ടെ ലത്തീഫിനെയും കാസർഗോഡ് ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു മോഡൽ പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥി കോപ്പിയടിക്കുന്നതുകണ്ട് അധ്യാപകന്‍ കടലാസ് എടുക്കാന്‍ തുനിഞ്ഞപ്പോഴാണ് മർദ്ദനമുണ്ടായത്. അധ്യാപകന്റെ കൈത്തണ്ട പിടിക്കുകയും ചെകിട്ടത്തടിക്കുകയുമായിരുന്നു. അക്രമത്തിൽ കേള്‍വിശക്തി നഷ്ടപ്പെട്ടതായി സംശയം ഉയര്‍ന്നതിനെതുടര്‍ന്ന് അധ്യാപകനെ കാസര്‍കോട്ടെ ആശുപത്രിയില്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയനാക്കി. അടിയുടെ ആഘാതത്തിൽ നിലത്ത് വീണ അധ്യാപകന്റെ തോളെല്ലിനും പരിക്കേറ്റിട്ടുണ്ട്. നിലത്ത് വീണ ശേഷവും അധ്യാപകനെ മർദ്ദിക്കുകയായിരുന്നു. ശബ്ദംകേട്ട് മറ്റു അധ്യാപകര്‍ ഓടിയെത്തിയാണ് അധ്യാപകനെ രക്ഷപ്പെടുത്തിയത്.

എട്ട് വര്‍ഷത്തോളമായി ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സേവമനുഷ്ഠിക്കുകയാണ് ബേബി ജോസ്. സംഭവത്തില്‍ ഐ പി സി 308 പ്രകാരം നരഹത്യാശ്രമത്തിനും 326, 323, 332 വകുപ്പുകള്‍ പ്രകാരം കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്.