സി.എ.എയെ അനുകൂലിച്ച് സ്‌കൂളിലെ കൊച്ചു കുട്ടികള്‍ക്ക് ബി.ജെ.പി സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാം; ഇതേ കുറിച്ച്‌ ചോദിച്ച മാധ്യമപ്രവര്‍ത്തകനു മുന്നില്‍ ഉത്തരം മുട്ടി മുന്‍ എം.പി

0

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച്‌ പരിപാടി സംഘടിപ്പിക്കുകയും ഇത്തരമൊരു നിയമം കൊണ്ടുവന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വിദ്യാര്‍ത്ഥികളെ കൊണ്ട് കത്തയപ്പിക്കുകയും ചെയ്ത് മുംബൈയിലെ സ്‌കൂള്‍. ബി.ജെ.പിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മുംബൈയിലെ മതുംഗയിലുള്ള ദയാനന്ദ് ബാലക് ബാലിക വിദ്യാലയത്തിലാണ് സംഭവം. പരിപാടിയില്‍ പങ്കെടുക്കാന്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുകയായിരുന്നു. സംഭവം വിവാദമായതോടെ സ്‌കൂളിന് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടിസ് അയച്ചു.

പാര്‍ലമെന്റ് പാസ്സാക്കിയ ഒരു നിയമത്തെ കുറിച്ച് കുട്ടികള്‍ക്ക് അവബോധം നല്‍കാനാണ് പരിപാടിയെന്നായിരുന്നു മുന്‍ എം.പിയുടെ വിശദീകരണം. എന്നാല്‍ സ്‌കൂളിലെത്തിയ മാധ്യമപ്രവര്‍ത്തകരുടെ സി.എ.എയുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിനും മറുപടി നല്‍കാന്‍ എം.പിക്കായില്ല.
രാജ്യമെമ്പാടും പ്രതിഷേധത്തിന് കാരണമായ പൗരത്വ നിയമത്തില്‍ സ്‌കൂള്‍ കുട്ടികളെ കൊണ്ട് മോദിക്ക് കത്തയക്കുകയും വിദ്യാര്‍ത്ഥികളെ ഇത്തരമൊരു രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചതിനെക്കുറിച്ചുള്ള എന്‍ഡിടിവിയുടെ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യങ്ങള്‍ക്ക്, ഞാന്‍ നിങ്ങളുടെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കിക്കഴിഞ്ഞതാണെന്ന ഒറ്റ മറുപടി മാത്രമാണ് എം.പി നല്‍കിയത്. എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ നിരവധി ചോദ്യങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചെങ്കിലും 27 തവണയാണ് എം.പി അതേ ഉത്തരം ആവര്‍ത്തിച്ചത്. ഇതിന്റെ വീഡിയോ എന്‍.ഡി.ടി.വി പങ്കുവെച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here