സോണിയക്ക് മുന്നിലുള്ളത് വലിയ കടമ്പകൾ; മറുഭാഗത്ത് മോദി- ഷാ കൂട്ട്കെട്ടിൽ ശക്തിയാർജ്ജിച്ച ബിജെപി; വെല്ലുവിളികളെ മറികടക്കാൻ സോണിയയുടെ പുതിയ തന്ത്രങ്ങൾക്കാവുമോ?

0

കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷയായി നിയമിതയായ സോണിയാഗാന്ധിക്ക് മുന്നിലുള്ളത് വലിയ വെല്ലുവിളികളാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ക്ഷീണിച്ച കോൺഗ്രിസിനെ മുഖ്യധാരയിലേക്ക് കൊണ്ട് വരുക, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ, പാർട്ടിയിലെ കൊഴിഞ്ഞ് പോക്ക് ഇതെല്ലാം സോണിയക്ക് മുന്നിലുള്ള കടമ്പകളാണ്. 1998ല്‍ പാര്‍ട്ടിയുടെ തലപ്പത്ത് വന്ന് 2004 ൽ പാർട്ടിയെ അധികാരത്തിലേക്ക് തിരിച്ച് കൊണ്ട് വന്ന സോണിയക്ക് ഇത്തവണയും അതിന് സാധിക്കുമോ എന്നത് ഇന്ത്യൻ രാഷ്ട്രീയം കണ്ടറിയേണ്ടതുണ്ട്.എന്നാൽ പഴയത് പോലെ അത്ര എളുപ്പമാവില്ല സോണിയക്ക് ഇത്തവണ കാര്യങ്ങൾ. നരേന്ദ്ര മോദി- അമിത് ഷാ കൂട്ട്കെട്ടിൽ ശക്തിയാർജ്ജിച്ച ബിജെപിയെ മറികടക്കുക അത്ര എളുപ്പമുള്ള ജോലിയാവില്ല.

യുവനേതാക്കളെയും മുതിർന്ന നേതാക്കളെയും ഒരേ പോലെ ഉപയോഗിക്കുക എന്നത് തന്നെയാണ് സോണിയ ലക്ഷ്യമിടുന്നത്. കൊഴിഞ്ഞ് പോക്ക് വ്യപകമായ സംസഥാനങ്ങളിൽ മുതിർന്ന നേതാക്കളും യുവനേതാക്കളും വഴി ഇനിയുള്ള നേതാക്കളെ പിടിച്ച് നിർത്തുക എന്നത് തന്നെയാണ് സോണിയയുടെ പദ്ധതി. രാഹുലില്‍ വിശ്വസിക്കുന്ന യുവ ക്യാമ്പിനെ ഒപ്പം നിര്‍ത്താനാണ് സോണിയയുടെ അടുത്ത ശ്രമം. എന്നാല്‍ പാര്‍ലമെന്റിലെ നിലപാടുകളെ ഇവര്‍ തള്ളിപ്പറഞ്ഞത് സോണിയക്ക് കാര്യങ്ങള്‍ എളുപ്പമാക്കില്ല. പൊതുജനത്തിന്റെ വികാരം മനസ്സിലാക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടെന്ന് ജോതിരാദിത്യ സിന്ധ്യ, ദീപേന്ദ്ര ഹൂഡ എന്നിവര്‍ പറയുന്നു. ജിതിന്‍ പ്രസാദ, സച്ചിൻ പൈലറ്റ്, ആര്‍പിഎന്‍ സിംഗ്, ജനാര്‍ദന്‍ ദ്വിേവദി, അഭിഷേക് മനു സിംഗ്‌വി, മിലിന്ദ് ദേവ്‌റ എന്നിവരും യുവ ക്യാമ്പിലുണ്ട്. എന്നാല്‍ ഗുലാം നബി ആസാദിനൊപ്പമുള്ള പ്രബല വിഭാഗത്തിനപ്പുറത്തേക്ക് സോണിയയുടെ നിലപാടുകൾ പോകുമോ എന്നതും കണ്ടറിയേണ്ടതുണ്ട്. ഇരുവിഭാഗത്തെയും ‘ബാലൻസ്’ ചെയ്യേണ്ട കാര്യവും സോണിയക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളിയാണ്.

വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും സോണിയ ശക്തമായി തന്നെ മുന്നിലിറക്കും. എന്നാൽ ഇരുവർക്കും ജോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ് എന്നിവരെ പോലുള്ള യുവാക്കളുടെ കരുത്ത് ആവശ്യമാണ്. അതിനാൽ തന്നെ സിന്ധ്യയ്ക്കും പൈലറ്റിനും പുതിയ സമിതിയിൽ പ്രധാന സ്ഥാനങ്ങൾ നൽകും. കൂടാതെ മഹാരാഷ്ട്ര, ഹരിയാന, ദില്ലി, എന്നിവിടങ്ങളിലെ സഖ്യമാണ് മുന്നിലുള്ളത്. ഇത് സാധ്യമായാല്‍ തന്നെ കോണ്‍ഗ്രസിന് വലിയ ആശ്വാസമാകും. മൂന്ന് മാസമാണ് സോണിയക്ക് മുന്നിലുള്ളത്. ആ ചുരുങ്ങിയ കാലയളവിൽ തന്നെ സഖ്യചർച്ചകൾ പൂർത്തിയാക്കണം. 2004ല്‍ സഖ്യത്തെ ഉപയോഗിച്ച് സര്‍ക്കാരുണ്ടാക്കിയതും സോണിയയുടെ മിടുക്കായിരുന്നു. ആ മിടുക്ക് വരാനിരിക്കുന്ന സംസഥാന തിരഞ്ഞെടുപ്പുകളിൽ സഖ്യചർച്ചയ്ക്ക് സഹായകരമാവും.

LEAVE A REPLY

Please enter your comment!
Please enter your name here