ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്ത ഡല്‍ഹി പോലീസിനെ നിര്‍ത്തി പൊരിച്ച്‌ കോടതി

0

പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രതിഷേധം നടത്തിയതിന് ഡല്‍ഹി ജുമാ മസ്ജിദില്‍ വെച്ച്‌ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്ത് സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി തീസ് ഹസാരി കോടതി. ജുമാ മസ്ജിദില്‍ പ്രതിഷേധിക്കുന്നതില്‍ എന്താണ് തെറ്റെന്ന് കേസ് പരിഗണിച്ച സെഷന്‍സ് ജഡ്ജി കാമിനി ലോ ചോദിച്ചു. ‘ജമുാ മസ്ജിദ് എന്താ പാകിസ്താനിലാണോ? അവിടെയെന്താ പ്രതിഷേധിച്ചുകൂടേ? പ്രതിഷേധിക്കുക എന്നത് ഭരണഘടനാപരമായ അവകാശമാണെന്ന് അറിഞ്ഞുകൂടേ?’ കോടതി പോലീസിനെ ചോദ്യം ചെയ്തു.

പ്രതിഷേധിക്കണമെങ്കില്‍ അനുമതി വാങ്ങണമെന്ന പബ്ലിക് പ്രോസിക്യൂട്ടറുടെ വാദത്തെയും കോടതി വിമര്‍ശിച്ചു. എന്ത് അനുമതി? സെക്ഷന്‍ 144 ആവര്‍ത്തിച്ച്‌ ഉപയോഗിക്കുന്നത് ദുര്‍വിനിയോഗമാണെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. ഞാന്‍ നിരവധിയാളുകളെ കണ്ടിട്ടുണ്ട്. വിവിധ പ്രതിഷേധങ്ങളും, എന്തിന് പാര്‍ലമെന്റിന് പുറത്തുവരെ പ്രതിഷേധങ്ങള്‍ നടന്നിട്ടുണ്ട്. അവരില്‍ ചിലര്‍ ഇന്ന് മുതിര്‍ന്ന നേതാക്കളും മുഖ്യമന്ത്രിമാരുമാണ്- കോടതി പറഞ്ഞു. വാദത്തിനിടെ ഒരുഘട്ടത്തില്‍, ഭരണഘടന വായിച്ചിട്ടുണ്ടോയെന്ന് പബ്ലിക് പ്രോസിക്യൂട്ടറോട് കോടതി ആരായുകയും ചെയ്തു.

പിന്നീട് നിലപാട് മാറ്റി ജുമാ മസ്ജിദിന്‍റെ സമീപത്ത് നിന്ന് പോലീസ് പറത്തിയ ഡ്രോണില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ ചന്ദ്രശേഖര്‍ ആസാദ് കലാപത്തിന് ആഹ്വാനം നല്‍കുന്ന തരത്തില്‍ പ്രസംഗിച്ചത് വ്യക്തമാണെന്ന് പ്രോസിക്യൂട്ടര്‍ വാദിച്ചു. ഇതോടെ ആ പ്രസംഗങ്ങളെവിടെ എന്നായിരുന്നു കോടതിയുടെ ചോദ്യം. നിലവില്‍ ഡിസംബര്‍ 21- വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ചന്ദ്രശേഖര്‍ ആസാദ്. ജുമാ മസ്ജിദിനടുത്തുള്ള ദരിയാ ഗഞ്ജില്‍ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ആക്രമണത്തിനും കലാപത്തിനും ആഹ്വാനം ചെയ്‌തെന്ന കുറ്റം ചുമത്തിയാണ് ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റ് ചെയ്യപ്പെട്ടത്. നിലവില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ആസാദിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ രൂക്ഷവിമര്‍ശനം. പോലീസ് അനുമതി നിഷേധിച്ചിട്ടും ജമാ മസ്ജിദില്‍ നിന്ന് ജന്തര്‍മന്ദര്‍ വരെ മാര്‍ച്ച്‌ നടത്തിയെന്നതാണ് ആസാദിനെതിരായ മറ്റൊരു കേസ്.

LEAVE A REPLY

Please enter your comment!
Please enter your name here