ചെമ്പരിക്ക ഖാസി വധം കൂടുതൽ തെളിവുകൾ ലഭ്യമാവുന്നു. പ്രതികൾ കുടുങ്ങിയേക്കും (വീഡിയോ കാണാം)

0

7 വർഷത്തോളമായി കേരള പോലീസും സിബിഐയും മാറി മാറി അന്വേഷിച്ച് ആത്മഹത്യ എന്ന് മുദ്ര കുത്തിയവസാനിപ്പിച്ച മംഗലാപുരത്തിന്റെയും കാസർകോട് ചെമ്പരിക്കയുടെയും ഖാസി ആയിരുന്ന സിഎം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിൽ കൂടുതൽ തെളിവുകൾ ലഭ്യമാകുന്നു. 2010 ഫെബ്രുവരി 14നാണ് 77 കാരനായ ഖാസിയുടെ മൃതദേഹം അദ്ദേഹത്തിന്റെ താമസ സ്ഥലത്തു നിന്നും ഒന്നര കിലോമീറ്റർ അകലെ ചെമ്പരിക്ക കടപ്പുറത്തെ പാറക്കൂട്ടങ്ങൾക്കിടയിൽ വെള്ളത്തിൽ പൊങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.ഇത് ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ ഭാഷ്യം. പിടി വലിയുടെ ലക്ഷണങ്ങൾ ഇല്ലാതിരുന്നതും പാറപുറത്തു നിന്നും അദ്ദേഹത്തിന്റെ ചെരിപ്പും ഊന്നുവടിയും കണ്ടെടുത്തതും ഒക്കെ ആത്മഹത്യയുടെ ലക്ഷണങ്ങളായി പൊലീസ് നിരത്തി. എന്നാൽ പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തിയ കഴുത്തെല്ലിന്റെ പൊട്ടലോ മൂക്കിൽ കണ്ടെത്തിയ മുറിവുകളോ ഒന്നും മുഖവിലക്കെടുത്തില്ല എന്ന് അന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. മാത്രമല്ല കടുത്ത രോഗങ്ങൾ അലട്ടിയിരുന്ന 77കാരനായ ഖാസിക്ക്, അത്രയും ഉയർന്ന പ്രദേശത്ത് രാത്രിയുടെ രണ്ടാം പകുതിയിൽ, ഒറ്റക്ക് എങ്ങനെ നടന്നു കയറാനാവുമെന്ന ചോദ്യവും ബാക്കി നിൽക്കുന്നു. ഈ ചോദ്യങ്ങൾ നില നിൽക്കെയാണ് അന്നത്തെ സർക്കാർ കേസ് സിബിഐക്ക് കൈമാറിയതും നീതി നടപ്പിലാവുമെന്ന പ്രതീക്ഷയിൽ കേരളം കാത്തിരുന്നതും. മൗലവിയുടെ മരണം ആത്മഹത്യ ആണെന്ന് രേഖപ്പെടുത്തി സിബിഐ ഈയിടയ്ക്കാണ് കേസ് അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് റിപ്പോർട്ട് കോടതിക്ക് സമർപ്പിച്ചത്.

ഇതിനു ശേഷമാണ് ഖാസി വധവുമായി ബന്ധപെട്ടു രേഖകളും മറ്റും ശേഖരിച്ചു വരികയായിരുന്ന പിഡിപി നേതാക്കളായ സംസ്ഥാന കൗൺസിൽ അംഗം ആബിദ് മഞ്ഞംപാറ, മണ്ഡലം പ്രസിഡണ്ട് ഉമർ ഫാറുഖ് തങ്ങൾ എന്നിവർക്ക് നേരെ കഴിഞ്ഞ ദിവസം കാസർകോട് ബോവിക്കാനത്ത് വച്ച് വധശ്രമം നടന്നത്. കാസർകോട് നിന്നും മടങ്ങുമ്പോൾ ഇവർ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനം കൊണ്ട് തടഞ്ഞു നിർത്തി 3 പേര് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു . ഇവർക്കെതിരെ നേരത്തെ ഫോണിൽ കൂടെ വധഭീഷണിയും ഉയർന്നിരുന്നു. തങ്ങളുടെ കയ്യിലുള്ള തെളിവുകൾ നശിപ്പിക്കപ്പെടാതിരിക്കാൻ ഉടൻ തന്നെ തെളിവുകൾ വെളിപ്പെടുത്താനുള്ള നീക്കത്തിലാണ് ഇവർ . സംഭവത്തിന് ദൃക്‌സാക്ഷികളായവരുടെ ഉൾപ്പെടെ രേഖകൾ കയ്യിലുണ്ടെന്നു ഇവർ ബിഗ്14 ന്യൂസിനോട് പറഞ്ഞു.

ഇന്ന് വൈകുന്നേരം അക്രമ സംഭവത്തിൽ പ്രതിഷേധിച്ചും ഖാസി വധത്തിലെ സത്യാവസ്ഥ പുറത്തു കൊണ്ട് വരുന്നതിനുമായ് കാസർകോട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തുമെന്നും നേതാക്കൾ പറഞ്ഞു.

7 വർഷത്തെ കേരളത്തിന്റെ കാത്തിരിപ്പിന് ഉടൻ വിരാമമാകുമെന്നുള്ള പ്രതീക്ഷയിലും ഖാസി വധത്തിന്റെ സത്യാവസ്ഥ പുറത്തെത്തും എന്നുള്ള വിശ്വാസത്തിലാണ് ജനങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here