ആറിൽ കുടുങ്ങുമോ?; വിമത ശല്യത്തിൽ ഭയന്ന് ബിജെപി, നേട്ടമുണ്ടാക്കാൻ കോൺഗ്രസ്

0

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ പാർട്ടികളെല്ലാം വൻ മുന്നൊരുക്കത്തിലാണ്. 17 എംഎൽഎമാർ സഖ്യ സർക്കാരിന് പാലം വലിച്ചതോടെയാണ് കർണാടകയിൽ കോൺഗ്രസ്- ജെഡിഎസ് സർക്കാർ നിലംപൊത്തിയത്. പാലം വലിച്ച എംഎൽഎമാരുടെ അയോഗ്യത നടപടി കോടതി അംഗീകരിക്കുകയും, തിരഞ്ഞെടുപ്പില്‍ നിന്ന് മത്സരിക്കാനുള്ള വിലക്ക് റദ്ദ് ചെയ്യുകയും ചെയ്തതിന് പിന്നാലെ അയോഗ്യരാക്കപ്പെട്ട 17 ല്‍ 16 വിമത നേതാക്കളും ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. ഇതോടെ വിമതർ ഉപതിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്ന് ഉറപ്പാണ്.സര്‍ക്കാറിന്‍റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന തിരഞ്ഞെടുപ്പായതിനാല്‍ ബിജെപിക്ക് ഈ ഉപതിരഞ്ഞെടുപ്പ് നിർണായകമാണ്. മറുഭാഗത്ത് കോൺഗ്രസിനും ജെഡിഎസ്സിനും ഇത് അഭിമാന പോരാട്ടമാണ്. 15 മണ്ഡലങ്ങളില്‍ 6 സീറ്റുകളില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ യെദ്യൂരപ്പ സർക്കാർ താഴെ വീഴും. നേരത്തെ വിമതരെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട വിഭാഗീയത അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അത് ക്ഷീണമാകും. അതിനാല്‍ തന്നെ പാര്‍ട്ടിയിലെ വിമത ശബ്ദങ്ങളെ ബിജെപി അനുനയിപ്പിക്കും.

മൂന്ന് മണ്ഡലങ്ങളില്‍ വിമത ശല്യം ഉണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്. എംടിബി നാഗരാജിന്‍റെ മണ്ഡലം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഹൊസെകോട്ടയില്‍ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ശരത് ബച്ചഗൗഡ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അയോഗ്യനാക്കപ്പെട്ട കോണ്‍ഗ്രസ് വിമതനായ എംടിബി നാഗരാജായിരുന്നു ഈ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ. ഉപതിരഞ്ഞെടുപ്പില്‍ നാഗരാജിനെ തന്നെ ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. ഇതേതുടര്‍ന്ന് വിമത ഭീഷണിയുമായി ശരത് ബച്ച ഗൗഡ് രംഗത്ത് എത്തിയത്. ശരത് ബച്ച ഗൗഡക്ക് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ അനുയായികള്‍ നേരത്തെ യെഡിയൂപ്പയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ബച്ച ഗൗഡയുടെ പ്രതിഷേധം ഗുണകരമാവുന്നത് കോൺഗ്രസിനാണ്. അതിനാൽ തന്നെ ബച്ച ഗൗഡ കോൺഗ്രസിലേക്ക് മാറാനും സാധ്യതയുണ്ട്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളായ രാജു കാഗെ, അശോക് പൂജാരി എന്നിവര്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്ന് രാജു കാഗെ പ്രഖ്യാപിച്ചു. ബിജെപിയുടെ മുതിര്‍ന്ന നേതാവും നാല് തവണ എംഎല്‍എയുമായിരുന്നു രാജു കാഗെ. ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുമെന്ന് ഇദ്ദേഹത്തിന് കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയെന്നാണ് സൂചന. ഇത്തരത്തിൽ ബിജെപിയിൽ നിന്നും കോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്കും ഈ ഉപതിരഞ്ഞെടുപ്പ് സമയത്ത് പ്രതീക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here