ആശങ്ക ഉയര്‍ത്തി പുതിയ കൊറോണ വൈറസ്; ലോകമെങ്ങും പടരാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

0

ചൈനയിലെ വുഹാന്‍ നഗരത്തില്‍ പടര്‍ന്നു പിടിച്ച ന്യൂമോണിയയ്ക്കു കാരണം പുതിയ ഇനം കൊറോണ വൈറസ് ആണെന്നും ഇതു ലോകമെങ്ങും പടരാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

ജലദോഷം മുതല്‍ സാര്‍സ് വരെയുള്ള ശ്വാസകോശരോഗങ്ങള്‍ക്കു കാരണമാകുന്ന കൊറോണ വൈറസിന്റെ പുതിയ രൂപമാണിതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ പ്രധാന വിമാനത്താവളങ്ങളിലടക്കം നിരീക്ഷണം ഉറപ്പാക്കാനാണു കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം.

ഇതിന്റെ ആദ്യപടി എന്നോണം ഹോങ്കോങ്, ചൈന എന്നിവിടങ്ങളില്‍ നിന്നും അയല്‍രാജ്യങ്ങളില്‍ നിന്നും എത്തുന്നവരെ നിരീക്ഷിക്കാനാണ് ആലോചന. ഇതിനു മുന്നോടിയായി അധികൃതര്‍ ലോകാരോഗ്യ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ജപ്പാനിലേക്കും രോഗം പടര്‍ന്നിട്ടുണ്ട്.

രോഗബാധിതനായ ഒരാള്‍ മരിച്ചു. മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്കു പടരുന്ന വൈറസ് നിലവില്‍ മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്കു പകരുന്നതായി കണ്ടെത്തിയിട്ടില്ല. രോഗലക്ഷണങ്ങളുമായി തായ്‌ലന്‍ഡില്‍ ചികിത്സയിലുള്ള ചൈനീസ് വനിത സുഖം പ്രാപിച്ചു വരുന്നതായും അധികൃതര്‍ അറിയിച്ചു.

വുഹാനിലെ മത്സ്യമാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന ഒരാള്‍ക്കാണ് ആദ്യം വൈറസ് ബാധയുണ്ടായത്. പിന്നീട് രോഗബാധിതരായവര്‍ ആ മാര്‍ക്കറ്റിലെ സന്ദര്‍ശകരായിരുന്നുവെന്നാണു കണ്ടെത്തല്‍. അവിടെ വില്‍പനയ്‌ക്കെത്തിച്ച മൃഗങ്ങളില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നു കരുതുന്നു. പനിയും ശ്വാസതടസവുമാണു പ്രധാന രോഗലക്ഷണങ്ങള്‍.

മരുന്നോ ചികിത്സയോ കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ പുതിയ വൈറസിനെതിരെ ലോകമെങ്ങുമുള്ള ആശുപത്രികള്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്നു ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചതായി എമേര്‍ജിങ് ഡിസീസ് വിഭാഗത്തിന്റെ ചുമതലയുള്ള മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു. വൈറസ് ബാധയെപ്പറ്റി ചൈനയിലുള്ള യുഎസ് പൗരന്മാര്‍ക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here