സവര്‍ക്കറിന്റെ ചിത്രമുള്ള നോട്ടുബുക്ക് വിതരണം ചെയ്തു; പ്രിന്‍സിപ്പാളിനെ സസ്‌പെന്‍ഡ് ചെയ്തു

0

ഹിന്ദുത്വ ആശയത്തിന്റെ ഉപജ്ഞാതാവ് വി.ഡി സവര്‍ക്കറിന്റെ ചിത്രമുള്ള നോട്ടുബുക്കുകള്‍ വിതരണം ചെയ്യാന്‍ അനുവദിച്ചതിന് മധ്യപ്രദേശില്‍ സ്‌കൂള്‍ പ്രിന്‍സിപ്പളിനെ സസ്‌പെന്‍ഡ് ചെയ്തു. മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ ആര്‍.എന്‍. കെരാവത്തിനെയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്.

രത്‌ലം ജില്ലയിലെ സര്‍ക്കാര്‍ ഹൈസ്‌കൂളിലെ പ്രിന്‍സിപ്പാളായിരുന്നു കെരാവത്. വീര്‍ സവര്‍ക്കര്‍ ജനഹിതാര്‍ഥ സമിതി എന്ന സംഘടനയാണ് നോട്ടുബുക്കുകള്‍ വിതരണം ചെയ്തത്. ഒമ്ബത്, പത്ത് ക്ലാസുകളിലായി 500 നോട്ടുബുക്കുകളാണ് പ്രിന്‍സിപ്പാളിന്റെ അനുമതിയോടെ ഇവര്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വിതരണം ചെയ്തത്. കഴിഞ്ഞ നവംബര്‍ നാലിനായിരുന്നു സംഭവം.

നോട്ട് ബുക്കുകള്‍ വിതരണം ചെയ്തതിന്റെ ചിത്രങ്ങള്‍ ഈ സംഘടന സമൂഹമാധ്യമങ്ങളില്‍ ഇട്ടതോടെയാണ് വിവാദം തലപൊക്കിയത്. ഇതോടെ കോണ്‍ഗ്രസ് വിഷയത്തില്‍ ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വിഷയത്തില്‍ അന്വേഷണം നടത്തുകയും പ്രിന്‍സിപ്പാളിനെതിരേനടപടിക്ക് ശുപാര്‍ശ ചെയ്യുകയുമായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ സര്‍ക്കാര്‍ സ്‌കൂളില്‍ പരിപാടി സംഘടിപ്പിക്കാന്‍ ഒത്താശ ചെയ്തുവെന്നതാണ് പ്രിന്‍സിപ്പാളിനെതിരായ ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here