തണലാകേണ്ടവർ തലവേദന ആയാൽ ഉത്തരവാദികൾ ആര്‌..?

0

(www.big14news.com)ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമാണ്‌ മക്കൾ.. ആരംഭ ഘട്ടത്തിൽ ലാളിക്കാനും മധ്യ ഘട്ടത്തിൽ ആഘോഷിക്കാനും അവസാന ഘട്ടത്തിൽ തുണയായി മാറേണ്ടവരാണ്‌ മക്കൾ..

പ്രവാസിയുടെ വേഷമണിഞ്ഞ്‌ കടൽ കടന്നവരും ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ മക്കളെ മറന്ന് പോയവരും എനിയും ചിന്തിക്കാത്ത നിയന്ത്രിക്കാത്ത ഒന്നായി മക്കൾ മാറുമ്പോൾ പാതിരാവിൽ പീടിക തിണ്ണയിൽ കൂട്ടുകാരൊടൊത്ത്‌ ലഹരി നുണയുന്നവരായിത്തീരുന്നു.
മക്കൾക്ക്‌ നൽകുന്ന അമിത സ്വാതന്ത്രവും അമിത ലാളനയും അമിതമായ വിശ്വാസവുമാണ്‌ അവരെ തെറ്റിലേക്ക്‌ നയിക്കുന്നതെന്ന് ഇന്നും പല ഉപ്പമാരും ചിന്തിക്കുന്നില്ല..

രണ്ട്‌ ദിവസം മുമ്പ്‌ പാലക്കുന്നിൽ കേട്ട വെടിയൊച്ച എനിയെങ്കിലും ഒരോ ഉപ്പമാരുടെ മനസ്സിൽ പൊട്ടണം .. മക്കളുടെ ദിശ മാറിയുള്ള സഞ്ചാരത്തിന്‌ നിയന്ത്രണം കൊണ്ട്‌ വരാൻ പറ്റണം.. ഇല്ലെങ്കിൽ കഞ്ചാവിന്റെ ലഹരിയിൽ ഉപ്പയോളം പ്രായമുള്ളവരുടെ നേരെ കയ്യുയർത്താൻ ധൈര്യം കാണിക്കുന്ന മക്കൾ ഒരുനാൾ ഉപ്പയുടെ നേരെയും ഉയർത്തുന്നത്‌ കാണേണ്ടി വരും. സ്വന്തം മക്കളെ നമ്മുടെ നിയന്ത്രണത്തിൽ നിർത്താൻ പറ്റിയിലെങ്കിൽ ഉപ്പ എന്ന പദം നമുക്ക്‌ വെറും അലങ്കാരം മാത്രമാണ്‌..

നേരം ഇരുട്ടിയാൽ ഇരുളിൽ ഉയരുന്ന പുകക്ക്‌ കഞ്ചാവിന്റെ മണമാണ്‌.. 10 വയസ്സുകാരൻ വരെ ബീഡിച്ചൊട്ടിൽ ആനന്ദം കണ്ടെത്തുമ്പോൾ നമുക്ക്‌ നഷ്ടപ്പെടുന്നത്‌ നാടിന്റെ യുവത്വമാണ്‌

എന്റെ മകൻ അങ്ങനെ അല്ല എന്ന് വിശ്വസിക്കുന്ന ഉപ്പമാർക്ക്‌ ഒരുനാൾ ഇരുന്ന് കരയുന്നതിന്‌ കുറച്ച്‌ മുമ്പ്‌ ‘എന്റെ മകൻ അങ്ങനെ ആണോ എന്ന് ചിന്തിക്കാനുള്ള അവസരമുണ്ട്‌..

ജീവിതത്തിൽ ഒരോ ഉപ്പമാരും കഷ്ടപ്പെടുന്നത്‌ മക്കൾക്ക്‌ വേണ്ടിയാണ്‌.. ആ മക്കൾക്ക്‌ വേണ്ടി ഉപ്പമാർ ഒരു തീരുമാനത്തിൽ എത്തണം.. രാത്രി സമയം കഴിഞ്ഞും എത്താത്ത മക്കളെ നിയന്ത്രിക്കാനാവണം.. ബ്രോ എന്ന് വിളിച്ച്‌ വീട്ടിലേക്കടുക്കുന്ന ചങ്ങാതിമാരെ പരിസരത്തടുപ്പിക്കാതെ ആട്ടിയോടിക്കണം.. മക്കൾ എന്ത്‌ ചോദിച്ചാലും അതിന്‌ വഴങ്ങി കൊടുക്കുന്ന പ്രവണത മാറ്റണം.. തെറ്റും ശരിയും തിരിച്ചറിഞ്ഞ്‌ മക്കളെ നിലക്ക്‌ നിർത്താൻ പറ്റണം ..
ഇല്ലെങ്കിൽ വെടിയൊച്ച വീട്ടിൽ തന്നെ കേൾക്കേണ്ടി വരും

മക്കൾ വഴി പിഴച്ച്‌ പോയതിന്റെ ഉത്തരവാദിത്വം മാതാപിതാക്കൾക്ക്‌ മാത്രമാണ്‌. ഇന്ന് ഏറ്റവും വലിയ വിപത്താണ്‌ കഞ്ചാവ്‌ അതിലേക്ക്‌ മക്കൾ അടുക്കാതെ നമുക്ക്‌ ശ്രദ്ദിക്കാൻ പറ്റിയാൽ മാത്രമേ.. അവരെ നല്ല സന്താനമായി വളർത്താൻ നമുക്ക്‌ പറ്റൂ..

നാളെ പള്ളിക്കാട്ടിലെ ആറടി മണ്ണിൽ നമ്മൾ ഉറങ്ങുമ്പോൾ അടുത്ത്‌ വന്ന് കല്ലറ ചുമ്പിച്ചില്ലെങ്കൊലും കല്ലെറിയാത്ത മക്കളായി നമുക്ക്‌ നമ്മുടെ മക്കളെ വളർത്താൻ സാധിക്കണം..
തെറ്റായ കൂട്ടുകെട്ടും തുറന്ന് കൊടുക്കുന്ന സാഹചര്യവും ഈ പഴുതുകൾ അടച്ചാൽ ഒരു ഉപ്പക്കും മക്കളെ ഓർത്ത്‌ കണ്ണീർ കുടിക്കേണ്ടി വരില്ല

-കബീർ ചെരുമ്പ

LEAVE A REPLY

Please enter your comment!
Please enter your name here