അവൾ എന്തിന് രാത്രിയിൽ പുറത്ത് പോയി?? ചർച്ചകൾ കൊഴുക്കുകയാണല്ലോ

0

വായിക്കാം ഹരിത എസ് സുന്ദറിന്റെ ഫേസ്ബുക്ക് പോസ്റ്റ്….

അവൾ രാത്രിയിൽ എന്തിന് പുറത്ത് പോയി?
ചർച്ചകൾ കൊഴുക്കുകയാണല്ലോ…
നടക്കട്ടെ..

ഇരുപത്തി രണ്ടാമത്തെ വയസ്സിൽ കോഴ്സ് കഴിഞ്ഞ് വീട്ടിൽ എത്തി ഒരാഴ്ച്ച കഴിയും മുൻപേ അമ്മ പറഞ്ഞു, “ഇനി പഠിക്കാൻ താല്പര്യമില്ലെങ്കിൽ, വീട്ടിൽ കുത്തിയിരിക്കാതെ വല്ല ജോലിക്കും പൊയ്ക്കോ”.

എങ്കിൽ വല്ല ജോലിക്കും പോകാം എന്ന് ഞാനും കരുതി. ഹൈദരാബാദുള്ള സ്വകാര്യ കോളേജിൽ പഠിപ്പിക്കാൻ കയറിയപ്പോൾ ആദ്യം കിട്ടിയത് 15000 രൂപ. എന്റെ ആദ്യത്തെ ശമ്പളം.

രണ്ടാം മാസം ശമ്പളം കിട്ടിയ സമയം. അന്ന് വരെ കുടുംബത്തിന്റെ ആകെ ബാധ്യത ഞാൻ അറിഞ്ഞിരുന്നില്ല. അമ്മ പറഞ്ഞ് തുടങ്ങി,
വീട് വെച്ച കടം.
സ്ഥലം വാങ്ങിയ കടം..
സ്വർണ്ണം പണയം വെച്ച കടം..
കാർഷിക കടം..

 

വണ്ടറടിച്ചിരിക്കുന്ന എന്നോട് അമ്മ ചോദിച്ചു, “മാസം എത്ര തരും”.

ഇത്രയും കടമോ? ആത്മഹത്യ ചെയ്യേണ്ടി വരുമല്ലോ? – ഞാൻ അല്പം പേടിയോടെ തന്നെയാണ് ചോദിച്ചത്.

ഇത്തിരി കടമൊക്കെ ഇല്ലെങ്കിൽ എന്ത് ലൈഫ് എന്നും പറഞ്ഞ് അമ്മ കൂളായി ചിരിക്കുന്നുണ്ടായിരുന്നു.

എണ്ണായിരം രൂപയ്ക്ക് ഡീൽ പറഞ്ഞ എന്നെ വെട്ടിച്ച് പതിനായിരം രൂപയ്ക്ക് ഡീൽ ഉറപ്പിച്ചു.

വീട്ട് വാടകയ്ക്കും, ചിലവിനും, യാത്രാക്കൂലിയ്ക്കും ബാക്കിയുണ്ടായത് 5000 രൂപ.

പതിയെ ശമ്പളം കുടി, അടവും കൂടി.
ഈ കാലയളവിൽ ഞാനറിയാതെ തന്നെ, അച്ഛൻ ഞങ്ങളെ ജീവിതം പഠിപ്പിക്കുകയായിരുന്നു.
വീടിന് മുന്നിലായി പുതിയ ഒരു മുറിയും, ഹാളും പണിയൽ എന്റെയും അനിയന്റെയും തലയിലായി. എന്റെ സമ്പാദ്യവും, അവന്റെ പോക്കറ്റ് മണിയുമടക്കം ഞങ്ങൾ മുറി പണിയുന്നതിന് വേണ്ടി ഇറക്കി.

പഞ്ചാബ് നാഷണൽ ബാങ്കിൽ പോയി ഒരേക്കർ കാർഷിക ഭൂമി കാണിച്ച് സ്വർണ്ണം വെച്ചാൽ ഒരു ലക്ഷം രൂപയ്ക്ക് നാല് ശതമാനം പലിശ അടച്ചാൽ മതിയെന്ന് പഠിക്കാൻ ഞങ്ങൾ കുറേ ബാങ്ക് കേറിയിറങ്ങി, കുറേ മാസങ്ങൾ കളഞ്ഞു.

പുതിയ ജോലി കിട്ടി, കുടുംബത്തിലും, ഒപ്പം പഠിച്ചവർക്കും കിട്ടുന്ന ശമ്പളത്തേക്കാൾ ഇത്തിരിയെങ്കിലും കൂടുതൽ വാങ്ങി തുടങ്ങി. അപ്പോഴേക്കും സ്വന്തം പേരിൽ അത്യാവശ്യം കടമായി, വസ്തുക്കളായി. സ്വന്തമായി പല കാര്യങ്ങളും കൈകാര്യം ചെയ്യാനായി.

രാത്രിയും, പകലും യാത്രകളായി.
പുതിയ ഇടങ്ങൾ.
പുതിയ ആളുകൾ.

പറഞ്ഞ് വന്നത്,
കുടുംബത്തിന്റെ ബാധ്യതകൾ ആണും പെണ്ണും ഒരുപോലെ ഏറ്റെടുത്ത് തുടങ്ങി.
രാത്രിയും പകലുമൊക്കെ ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥ.

ഇന്ന് 16 ലക്ഷം രൂപ കടത്തിന്റെ വിഹിതം അടയ്ക്കേണ്ടവളാണ് ഞാൻ.
ഈ കുറിപ്പ് എഴുതിക്കൊണ്ടിരിക്കുമ്പോൾ, ചെന്നൈയിലേക്കുള്ള യാത്രയിലാണ്.
രാത്രിയിൽ റോഡ് അരികിലോ, കടകളിലോ, ബസ് സ്റ്റാൻഡിലോ, റെയിൽവേ സ്റ്റേഷനിലോ… എവിടെയെങ്കിലുമൊക്കെ നിങ്ങൾക്കെന്നെ കാണാം…
വെറുതെ വിടണം…

അനുവാദമില്ലാതെ പെണ്ണുടലുകൾ സ്പർശിക്കരുത് എന്ന് ആവർത്തിച്ച് പറഞ്ഞിട്ടും കേൾക്കാതിരുന്നാൽ,
ഞങ്ങൾ പെണ്ണുങ്ങൾക്ക് അപേക്ഷിക്കുകയല്ലാതെ വേറെ നിവർത്തിയില്ലല്ലോ..

LEAVE A REPLY

Please enter your comment!
Please enter your name here