അയോധ്യ കഴിഞ്ഞു; ഇനി ശബരിമലയും റാഫേലും രാഹുൽ ഗാന്ധിയും

0

നൂറ്റാണ്ടുകൾ പഴക്കമുള്ള അയോദ്ധ്യ തർക്ക ഭൂമിയുടെ വിധി ഇന്നലെ പ്രഖ്യാപിച്ചതോടെ രാജ്യം ഉറ്റുനോക്കുന്നത് ഏറെ നിർണായകമായ മറ്റ് വിധികളിലേക്കാണ്. ഇതിൽ ഏറെ പ്രാധാന്യം ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട 57 റിവ്യൂ ഹര്‍ജികളുടെ മേലിലുള്ള വിധിയാണ്.

ശബരിമല കൂടാതെ റാഫേല്‍ കേസിലും വിരമിക്കുന്നതിന് മുന്‍പ് രഞ്ജന്‍ ഗൊഗോയിക്ക് വിധി പറയേണ്ടതുണ്ട്. റാഫേല്‍ കേസില്‍ കഴിഞ്ഞ വര്‍ഷമാണ് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ട് വിധി പറഞ്ഞത്. ഫ്രാന്‍സിന്റെ പക്കല്‍ നിന്ന് 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനുളള സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ ആയിരുന്നു പരാതി. ഈ കേസിലുളള വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട റിവ്യൂ ഹര്‍ജികളിലാണ് കോടതി ഈ ആഴ്ച വിധി പറയുക.

കൂടാതെ ആര്‍ടിഐ നിയമത്തിന്റെ പരിധിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസിനേയും ഉള്‍പ്പെടുത്തണം എന്ന ഹര്‍ജിയിലും കോടതി വരും ദിവസങ്ങളില്‍ വിധി പറയും. വിവരാവകാശ പ്രവര്‍ത്തകന്‍ സുഭാഷ് ചന്ദ്ര അഗര്‍വാള്‍ സമര്‍പ്പിച്ച കേസില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചാണ് തീരുമാനം എടുക്കുക. കൂടാതെ മോദിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ ചൗക്കീദാര്‍ ചോര്‍ ഹെ പ്രസ്താവനയ്ക്ക് എതിരായ കോടതിയലക്ഷ്യ ഹര്‍ജിയിലും ഈ മാസം വിധിയുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here