36 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ സംഘം ഹോക്കിയില്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു

0
റിയോ ഡി ജനീറോ(www.big14news.com): മോസ്‌കോ ഒളിമ്പിക്‌സിന് ശേഷം ആദ്യറൗണ്ടിനപ്പുറം കടക്കാത്ത ഹോക്കി ഇനത്തില്‍ ഇന്ത്യയ്ക്ക് റിയോ ഒളിമ്പിക്‌സില്‍ മുന്നേറ്റം. ഇന്ത്യന്‍ ടീം ഹോക്കി ഇനത്തില്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.ഗ്രൂപ്പ് ബി യിലെ അര്‍ജന്റീന-ജര്‍മ്മനി മല്‍സരം(4-4) സമനിലയില്‍ അവസാനിച്ചതോടെയാണ് ഇന്ത്യക്ക് ക്വാര്‍ട്ടറിലേക്കുള്ള വഴി തുറന്നത്. നേരത്തെ കരുത്തരായ ഹോളണ്ടിനോട് ടീം ഇന്ത്യ തോല്‍വിയറിഞ്ഞിരുന്നു. സമനില പിടിക്കാന്‍ അവസാന സെക്കന്‍ഡില്‍ കിട്ടിയ അഞ്ച് പെനാല്‍റ്റി കോര്‍ണറുകളും തുലച്ചാണ് ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയത്. മൂന്നാം ക്വാര്‍ട്ടറില്‍ റോജര്‍ ഹോഫ്മാനും കളി തീരാന്‍ ആറ് മിനിറ്റ് ബാക്കിനില്‍ക്കെ മിങ്ക് വാന്‍ഡെര്‍ വീര്‍ഡെനും നെതര്‍ലന്‍ഡിനായി സ്‌കോര്‍ ചെയ്തപ്പോള്‍ 38ാം മിനിറ്റില്‍ രഘുനാഥ് ഇന്ത്യക്കായി ആശ്വാസ ഗോള്‍ നേടി. കാനഡക്കെതിരായ മത്സരം കൂടി ബാക്കിനില്‍ക്കെ ഇന്ത്യയുടെ സമ്പാദ്യം ആറ് പോയന്റാണ്. നാളെയാണ് കാനഡയുമായുള്ള മല്‍സരം. പത്തു പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ഹോളണ്ടിനു പിന്നില്‍ ഒന്‍പതു പോയിന്റുമായി ജര്‍മനി രണ്ടാം സ്ഥാനത്തുണ്ട്. ഇന്ത്യ ആറു പോയിന്റുമായി മൂന്നാം സ്ഥാനത്തു തന്നെ. അര്‍ജന്റീന അഞ്ചു പോയിന്റുമായി തൊട്ടു പിന്നിലുണ്ട്. അര്‍ജന്റീനയും അയര്‍ലന്‍ഡും തമ്മിലുള്ള അവസാന മത്സരത്തിലെ വിജയികള്‍ നാലാമതായി ക്വാര്‍ട്ടറിലെത്തും. 1980 മോസ്‌ക്കോ ഒളിമ്പിക്സില്‍ വരെ എട്ടു തവണ ഗോള്‍ഡ് മെഡല്‍ നേടി കുതിച്ച ഇന്ത്യന്‍ ഹോക്കി ടീം പിന്നീടിങ്ങോട്ട് ആദ്യ റൗണ്ടിനപ്പുറം കടന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here