ഐഎസ് മര്‍ദ്ദന മുറികളിലെ കൊടും പീഡനങ്ങള്‍; രക്ഷപ്പെട്ടയാള്‍ വെളിപ്പെടുത്തുന്നു

0

ദമാസ്ക്കസ്(www.big14news.com): ഓരോ തടവുമുറികളും മര്‍ദന മുറികളായിരുന്നുവെന്ന് രണ്ടു വര്‍ഷത്തെ ക്രൂരപീഡനത്തിന് ഇരയായ ശേഷം ഐഎസ് ഭീകരരില്‍ നിന്നും രക്ഷപ്പെട്ട അമേരിക്കന്‍ മാധ്യമ പ്രവര്‍‍ത്തകനും എഴുത്തുകാരനുമായ തിയോ പാഡനോസ്. അവിടെയുള്ള ഓരോ മുറികളിലും വലിയ പീഡനങ്ങളും മര്‍ദനങ്ങളും നടന്നിരുന്നു. അവശരാകുന്നവരുടെ ശരീരത്തിലൂടെ വൈദ്യുതി കടത്തി വിടുകയും വെള്ളത്തില്‍ തലമുക്കിപ്പിടിക്കുകയും ചെയ്യുമായിരുന്നു.

ശരീരത്തില്‍ വെള്ളം തളിച്ചിട്ടാണ് വൈദ്യുതി കടത്തിവിട്ടിരുന്നത്.മര്‍ദനമുറിയില്‍ നിന്ന് ഓരോ തവണയും പുറത്തു വരുമ്പോൾ ക്ഷീണിച്ച അവസ്ഥയിലായിരുന്നു. മര്‍ദനമില്ലാതെ ഒരിക്കല്‍പ്പോലും അവര്‍ ചോദ്യം ചെയ്യല്‍ നടത്തിയിട്ടില്ല. വിവരങ്ങള്‍ അറിയുന്നതിനായിരുന്നില്ല അവര്‍ ചോദ്യം ചെയ്യല്‍ നടത്തിയിരുന്നത്.വേദനപ്പിക്കാന്‍ വേണ്ടി മാത്രമായിരുന്നു.

പുതിയ തടവുകാരായി എത്തുന്നവര്‍ക്ക് അറിയേണ്ടിയിരുന്നത് അവിടുത്തെ മര്‍ദനത്തെക്കുറിച്ചും പീഡനത്തെക്കുറിച്ചുമാണ്. എന്നാല്‍ അതേപ്പറ്റി പറയാന്‍ ഒരിക്കലും സാധിച്ചിരുന്നില്ല. സത്യം മറച്ചു വെച്ച്‌ യാതൊരു പ്രശ്നങ്ങളുമില്ലെന്നാണ് അവരോടു പറഞ്ഞിരുന്നതെന്നും പാഡനോസ് പറയുന്നു.

കഴിഞ്ഞ മാസം യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഐഎസ് പ്രധാനികളില്‍ ഒരാളായ അബു മുഹമ്മദ് അല്‍ അദ്നാനിയാണ് എന്നെ പീഡിപ്പിച്ചിരുന്നത്. അയാളുടെ സംസാര രീതി വ്യത്യസ്തമായിരുന്നു. വാതിലിനടുത്തേക്കു എത്തുന്നതിനു മുന്‍പു തന്നെ അത് കേള്‍ക്കാന്‍ സാധിക്കുമായിരുന്നു. എപ്പോഴോക്കെ ആ ശബ്ദം കേട്ടാലും ദൈവത്തിനെ വിളിക്കും. വളരെപ്പതുക്കെയാണ് അയാള്‍ വാതില്‍ തുറക്കുക. എന്നാല്‍ തൊട്ടു പിന്നാലെ വരാനിരിക്കുന്നത് ക്രൂരമായ പീഡനങ്ങളായിരിക്കും.

2012ലാണ് പാഡ്നോസ് സിറിയയിലെത്തുന്നത്. ഒരു കൂട്ടം യുവാക്കള്‍ അദ്ദേഹത്തെ സിറിയന്‍ സൈനികരുടെ അടുത്തെത്തിക്കാമെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി. എന്നാല്‍ അല്‍ഖായിദയുടെ സഖ്യസംഘടനയായ ജബത് അല്‍ നുര്‍സയ്ക്ക് ഏല്‍പ്പിച്ചു നല്‍കുകയായിരുന്നു അവര്‍. സിഐഎ ചാരന്‍ എന്നാണ് അവര്‍ അദ്ദേഹത്തെ കരുതിപ്പോന്നത്. തടങ്കലിലാക്കി രണ്ടു വര്‍ഷത്തിനു ശേഷമാണ് പാഡ്നോസിനെ മോചിപ്പിക്കുന്നത്. എന്നാല്‍ അതിനകം തന്നെ അദ്ദേഹം വളരെയേറെ ക്രൂരപീഡനങ്ങള്‍ക്ക് വിധേയനായിരുന്നു.യുഎസ്മാധ്യമപ്രവര്‍ത്തകരെ അടക്കം നിരവധി തടവുകാരെ ഐഎസ് ഇതിനകം വധിച്ചിട്ടുണ്ട്. എന്നാല്‍ പാഡ്നോസ് ജബത് അല്‍ നുര്‍സയുടെ കൈവശം തുടര്‍ന്നതിനാലാണ് രക്ഷപ്പെടാൻ സാധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here