വനിത സ്ഥാനാര്‍ഥി ജയപ്രദക്കെതിരെ “കാക്കി അടിവസ്ത്ര” പരാമര്‍ശം; അസം ഖാനെതിരെ പ്രതിഷേധവുമായി ബി ജെ പി

0

ലഖ്നൗ: നടിയും ബിജെപി വനിത സ്ഥാനാര്‍ഥിയുമായ ജയപ്രദക്കെതിരെ “കാക്കി അടിവസ്ത്രം” പരാമര്‍ശം നടത്തിയ സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാനെതിരെ പ്രതിഷേധം ശക്തമായി. പരാമർശത്തിനെതിരെ ബിജെപി നേതാക്കള്‍ രംഗത്തുവന്നു. അസം ഖാനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കുമെന്ന് ദേശീയ വനിത കമീഷന്‍ അധ്യക്ഷ രേഖ ശര്‍മ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിലാണ് രാംപൂര്‍ മണ്ഡലത്തിലെ എസ് പി സ്ഥാനാര്‍ത്ഥി അസംഖാന്‍ എതിര്‍ സ്ഥാനാര്‍ത്ഥി ജയപ്രദക്കെതിരെ വിവാദ പരാമര്‍ശമുന്നയിച്ചത്. “കഴിഞ്ഞ 10 വര്‍ഷം നിങ്ങള്‍ അവരെ(ജയപ്രദ) നിങ്ങളുടെ പ്രതിനിധിയായി തെരഞ്ഞെടുത്തു. പക്ഷേ അവരെ തിരിച്ചറിയാന്‍ നിങ്ങള്‍ 17 വര്‍ഷമെടുത്തെങ്കില്‍ വെറും 17 ദിവസത്തിനുള്ളില്‍ അവരുടെ അടിവസ്ത്രം കാക്കിയാണെന്ന് എനിക്ക് തിരിച്ചറിയാന്‍ സാധിച്ചു”-അസം ഖാന്‍ പറ‌ഞ്ഞു. പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്‍റെ സാന്നിധ്യത്തിലായിരുന്നു പ്രസ്താവന. 2004 മുതല്‍ എസ് പി ടിക്കറ്റില്‍ ലോക്സഭയിലെത്തിയ ജയപ്രദ മാര്‍ച്ച് 26നാണ് പാര്‍ട്ടിവിട്ട് ബി ജെ പിയില്‍ ചേര്‍ന്നത്. മറ്റൊരു എസ് പി നേതാവായ ഫിറോസ് ഖാന്‍ നേരത്തെ ജയപ്രദക്കെതിരെ മോശം പരാമര്‍ശം നടത്തിയിരുന്നു.