മനോഭാവം ഇതാണെങ്കിൽ തച്ചങ്കരിയല്ല ദൈവം തമ്പുരാൻ വന്നാലും കെഎസ്ആർടിസി കരകയറില്ല

0

ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ട്രാൻസ്‌പോർട്ട് കോർപറേഷനാണ് ആനവണ്ടി എന്ന് മലയാളികൾഓമനപ്പേരിട്ട് വിളിക്കുന്ന കെഎസ്ആർടിസി. 6241 ബസുകൾ 6389 ഷെഡ്യൂളുകളിലായി അനുദിനം സർവീസ് നടത്തുന്നുണ്ട് എന്നാണ് കണക്ക്, എന്നിട്ടും കെഎസ്ആർടിസി നഷ്ടത്തിലാണ്. നീറ്റ് പരീക്ഷാ ദിനത്തിലും സ്വകാര്യ ബസ് പണിമുടക്ക് ദിനങ്ങളിലും നേടിയ കളക്ഷന്റെ കണക്ക് പത്രങ്ങളിൽ വെണ്ടക്ക നിരത്തും എന്നല്ലതെ നഷ്ടത്തിൽ നിന്നും കരകയറാൻ കെഎസ്ആർടിസിക്ക് ഇനിയും സാധിച്ചിട്ടില്ല. പുതുതായി കെഎസ്ആർടിസിയുടെ എംഡിയായി ചാർജെടുത്ത ടോമിൻ തച്ചങ്കരി കെഎസ്ആർടിസിയുടെ കടബാധ്യതകൾ തീർക്കും എന്ന് ഉറപ്പ് നൽകിയാണ് ചുമതല ഏറ്റെടുത്തത്. തച്ചങ്കരിയല്ല, ദൈവം തമ്പുരാൻ നേരിട്ടിറങ്ങി വന്നാലും ജീവനക്കാരുടെ മനോഭാവം മാറാതെ കെഎസ്ആർടിസി രക്ഷപ്പെടില്ല എന്ന് പറയനേ ഈയവസരത്തിൽ നിർവാഹമുള്ളൂ.

ഇന്ന് രാവിലെ കാസർകോട് കാഞ്ഞങ്ങാട് കെഎസ്‌ടിപി പാതയിൽ ചെമ്മനാട് മുണ്ടാംകുളത്ത് വെച്ച് അമിത വേഗതയിലെത്തിയ കെഎസ്ആർടിസി ബസ് സമീപത്ത് ചെർക്കളയിലെ മഹമൂദ് എന്നയാളെ ഇടിച്ച് കൊലപ്പെടുത്തുകയുണ്ടായി. ചെർക്കള സ്വദേശിയായ മഹമൂദ് ചെമ്മനാട് തട്ടുകട നടത്തി വരികയായിരുന്നു.
അമിതവേഗതയിലെത്തിയ കെഎസ്ആർടിസി മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് തട്ടുകടയിലേക്ക് വേണ്ട സാധനങ്ങൾ വാങ്ങി വരികയായിരുന്ന മഹമൂദിനെ ഇടിച്ച് തെറിപ്പിച്ചത്. അപകടം നടന്നതിന് ശേഷം രക്ഷാപ്രവർത്തനം നടത്തി ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിന് പകരം ഇടിച്ച ബസിലെ ജീവനക്കാർ തൊട്ടുപിറകെ വന്ന ബസിൽ കയറി രക്ഷപ്പെടുകയായിരുന്നുവത്രേ. തുടർന്ന് ഏറെ നേരം റോഡിൽ കിടന്ന മഹമൂദിനെ ഒരു സന്നദ്ധ പ്രവർത്തകനാണ് ആശുപത്രിയിൽ എത്തിച്ചത്. ഇടിച്ച ബസിലെ ജീവനക്കാർ സമയോചിതമായി പ്രവർത്തിച്ചിരുന്നുവെങ്കിൽ ഒരുപക്ഷെ മഹമൂദിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. മനുഷ്യ ജീവന് പുല്ല് വില പോലും കൽപ്പിക്കാതെ അമിത വേഗതയിലും ക്രമം റോഡ് നിയമങ്ങൾ പാലിക്കാതെയുമാണ് കെഎസ്ആർടിസി ജീവനക്കാർ ബസോടിക്കുന്നത് എന്ന പരാതിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്, ഈ അശ്രദ്ധയുടെ ഒടുവിലത്തെ ഇരയാണ് മഹമൂദ്, അവസാനത്തെ ഇരയെന്ന് പറയാൻ സാധിക്കണമെന്നില്ല.

കാസർകോട് നിന്നും മംഗലാപുരത്തേക്ക് മൂന്ന് മിനുട്ട് ഇടവേളയിലാണ് കെഎസ്ആർടിസി സർവീസ് നടത്തുന്നത്. രാത്രി ഒൻപതര മണിക്കാണ് അവസാന സർവീസ്. എന്നാൽ രാത്രിയിൽ ഈ റൂട്ടിൽ കൂടുതൽ ആളുകൾ യാത്ര ചെയ്യാറുണ്ട് എന്ന വസ്തുത മനസിലാക്കിയ കർണാടകയുടെ ട്രാൻസ്‌പോർട്ട് ജീവനക്കാർ കൂടുതൽ ബസുകൾ നിരത്തിലറിക്കി സർവീസ് നടത്തുമ്പോൾ കൃത്യ സമയത്ത് ജോലി അവസാനിപ്പിച്ച് സ്ഥലം വിടുന്ന രീതിയാണ് കേരള ട്രാൻസ്‌പോർട്ട് ജീവനക്കാർ പിന്തുടരുന്നത്, ഫലമോ യാത്രക്കാരെ കുത്തിനിറച്ച് ട്രിപ്പുകൾ നടത്തുന്ന കർണാടക ട്രാൻസ്‌പോർട്ട് ബസുകൾ കീശ നിറക്കുന്നു. കേരള ആർടിസി ട്രിപ്പുകൾ വർധിപ്പിച്ചാൽ മികച്ച ആദായം നേടാൻ സാധിക്കും.

റിസർവേഷൻ സംബന്ധമായോ വേറെ ഏതെങ്കിലും കാര്യത്തിനോ വേണ്ടി ഡിപ്പോയിലേക്ക് ഫോൺ വിളിച്ചാൽ അധികൃതർ ഫോൺ എടുക്കാറില്ലെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരത്തിൽ തികഞ്ഞ നിസഹകരണ മനോഭാവത്തോട് കൂടിയാണ് കെഎസ്ആർടിസി ജീവനക്കാർ പെരുമാറുന്നത്. ജനങ്ങളുമായി അത്യധികം ഇടപെടൽ നടത്തുന്ന കെഎസ്ആർടിസി പോലൊരു സ്ഥാപനം ജനങ്ങളോടുള്ള പെരുമാറ്റ രീതിയിൽ മാറ്റം വരുത്താതെ എങ്ങനെയാണ് രക്ഷപ്പെടുക? പെരുമാറ്റ രീതി ഇങ്ങനെ തന്നെ മുന്നോട്ട് കൊണ്ടുപോവുകയാണെങ്കിൽ തച്ചങ്കരിയല്ല, ദൈവം തമ്പുരാൻ ഇറങ്ങി വന്നാലും കെഎസ്ആർടിസി രക്ഷപ്പെടില്ല എന്ന് പറയാനേ തൽക്കാലം നിവൃത്തിയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here