തിരഞ്ഞെടുപ്പില്‍ ശബരിമല ഒരു നിമിത്തമാകും; കേരളത്തിലെ ജനങ്ങള്‍ ബി.ജെ.പിക്ക് ഒപ്പം നില്‍ക്കും; കുമ്മനം രാജശേഖരന്‍

0

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ശബരിമല ഒരു നിമിത്തമാകുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. കേരളത്തിലെ ജനങ്ങള്‍ ബി.ജെ.പിക്ക് ഒപ്പം നില്‍ക്കും. എല്ലാവരുടേയും വിശ്വാസത്തെ ബാധിക്കുന്ന വിഷയമാണ് ശബരിമല. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിന്നത് ബി.ജെ.പി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

മതസ്വാതന്ത്ര്യം എല്ലാവര്‍ക്കും ആവശ്യമാണ്. ശബരിമല കേവലം ഒരു മത വിഷയമല്ലെന്നും കുമ്മനം വ്യക്തമാക്കി. ഒരു നിബന്ധനയോടെയല്ല തിരിച്ചുവന്നത്. തുറന്ന മനസ്സോടെയാണ്. സംഘടനയാണ് എന്ത് ചെയ്യണമെന്ന തീരുമാനിക്കേണ്ടത്. തിരഞ്ഞെടുപ്പില്‍ ഏത് ഉത്തരവാദിത്തം ഏല്‍പ്പിച്ചാലും ഏറ്റെടുക്കും. കേരളത്തിലെ രാഷ്ട്രീയ രംഗം മാറിമറിഞ്ഞ് വരികയാണ്.

തനിയ്ക്ക് സ്ഥാനാര്‍ത്ഥിയാവണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം ഭംഗിയായി നിര്‍വ്വഹിക്കും. ഒരു പ്രതീക്ഷകളും വച്ചല്ല കേരളത്തിലേക്ക് വരുന്നത്. ഇരുപത് മണ്ഡലങ്ങളിലും ബിജെപിക്ക് പ്രതീക്ഷയുണ്ട്. കേരളത്തില്‍ മാറ്റം ആഗ്രഹിക്കുന്ന ജനങ്ങള്‍ കൂടി വരികയാണ്. കേരളത്തിലെ തെരഞ്ഞെടുപ്പാണ് ലക്ഷ്യം അല്ലാതെ പ്രത്യേകിച്ച്‌ ഒരു മണ്ഡലമല്ല ലക്ഷ്യം, കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മെയ് മാസത്തിലായിരുന്നു മിസോറം ഗവര്‍ണറായി കുമ്മനം രാജശേഖരനെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് നിയമിച്ചത്. അപ്രതീക്ഷിതമായി തന്നില്‍ അര്‍പ്പിക്കപ്പെട്ട ദൗത്യമാണ് ഗവര്‍ണര്‍ പദവിയെന്ന് കുമ്മനം തന്നെ നേരത്തെ പറഞ്ഞിരുന്നു. സംഘടന ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വങ്ങളും വളരെ ഭംഗിയായി നിര്‍വഹിക്കുമെന്നും ഇതുവരെ സംഘടന ഏല്‍പ്പിച്ച എല്ലാ ദൗത്യങ്ങളും ഏറ്റെടുത്തിട്ടുണ്ടെന്നുമായിരുന്നു ഗവര്‍ണറായതിന് ശേഷം കുമ്മനം പ്രതികരിച്ചത്.

മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജി വെച്ച കുമ്മനം സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തിലേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ്. കുമ്മനം ബിജെപി സ്ഥാനാര്‍ത്ഥിയായായി തിരുവനന്തപുരത്ത് മത്സരിക്കും. പ്രധാനമന്ത്രിയാണ് അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.