കാസര്‍കോട്: കര്‍ണാടകയില്‍ കുരങ്ങുപനി പടരുന്ന സാഹചര്യത്തില്‍ കാസർഗോഡ് ജില്ലയിലും ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. റഷ്യന്‍ സ്പ്രിംഗ് സമ്മര്‍ കോംപ്ലക്സില്‍പെടുന്ന ഒരുതരം വൈറസ് മൂലം വനപ്രദേശങ്ങളില്‍ കുരങ്ങുകള്‍ മരിച്ചു വീഴുന്നതുകൊണ്ടാണ് കുരങ്ങുപനി (ക്യാസൈനൂര്‍ ഫോറെസ്റ്റ് ഡിസീസ്) എന്നറിയപ്പെടുന്നത്.
കുരങ്ങുപനി വൈറസ് സാധാരണ വനാന്തരങ്ങളില്‍ ജീവിക്കുന്ന അണ്ണാന്, ചെറിയ സസ്തനികള്‍, കുരങ്ങന്മാര്, ചിലയിനം പക്ഷികള്‍ തുടങ്ങിയവയില്‍ കാണപ്പെടുന്നു. ഇത്തരം ജീവികളുടെ രക്തം കുടിച്ചു വളരുന്ന ഹീമോഫിസാലിസ് വര്‍ഗത്തില്‍പെട്ട ചെള്ളുകള്‍ ആണ് രോഗാണുവിനെ മനുഷ്യരില്‍ എത്തിക്കുന്നത്. ഇത്തരം ചെള്ളുകളുടെ കടിയേല്‍ക്കുന്നത് വഴിയോ രോഗമുള്ളതോ, അടുത്തകാലത്ത് മരിച്ചതോ ആയ കുരങ്ങുമായുള്ള സമ്പര്‍ക്കം വഴിയോ ആണ് മനുഷ്യര്‍ക്ക് ഈ രോഗം ഉണ്ടാകുന്നത്.
ആട്, ചെമ്മരിയാട്, പശു തുടങ്ങിയവയെയും കുരങ്ങുപനി വൈറസ് ബാധിക്കുമെങ്കിലും ഇവയ്ക്ക് രോഗം പരത്തുന്നതില്‍ പങ്കില്ലെങ്കിലും വളര്‍ത്തുമൃഗങ്ങളായ പശുക്കള്‍, നായകള്‍ എന്നിവയുടെ ദേഹത്ത് രോഗവാഹകരായ ചെള്ളുകള്‍ കയറാനും അതുവഴി മനുഷ്യവാസകേന്ദ്രങ്ങളിലേക്ക് ഈ ചെള്ളുകള്‍ വ്യാപിക്കാനും സാധ്യതയുണ്ട്. രോഗാണു വാഹകരായ ചെള്ളുകള്‍ വഴി മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് രോഗം ബാധിക്കുന്നു. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് മൂന്നു മുതല്‍ എട്ടുദിവസത്തിനുള്ളില്‍ ശക്തിയായ പനി, തലവേദന, ശരീരവേദന, വയറുവേദന ചിലപ്പോള്‍ വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടമായേക്കാം. രോഗം മൂര്‍ച്ഛിച്ചാല്‍ ശരീര ഭാഗങ്ങളില്‍ നിന്നുള്ള രക്തസ്രാവം, ബോധക്ഷയം, അപസ്മാര ലക്ഷണങ്ങള്‍ തുടങ്ങിയവ ഉണ്ടായേക്കാം.