ആത്മീയതയിൽ അലിഞ്ഞ് ചേർന്ന ജീവിതം

0

മിത്തബയൽ ഉസ്താദ് എന്ന പേരിൽ പ്രസിദ്ധനായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റും പ്രമുഖ സൂഫിവര്യനുമായ അബ്ദുൽ ജബ്ബാർ മുസ്ലിയാരുടെ വഫാ ത്തോടെ തലയെടുപ്പുള്ള ഒരു പണ്ഡിത ശ്രേഷ്ടറെയാണ് സമുദായത്തിനും സമസ്തക്കും നഷ്ടമായത്.ജന്മം കൊണ്ട് ലക്ഷദീപുകാരനാണെങ്കിലും കർമ്മം കൊണ്ട് മംഗലാപുരത്തുകാരനാണ്. പാരമ്പര്യമായി പണ്ഡിത കുടുംബത്തിലായിരുന്നു ജനനം. നാട്ടിലെ ഖാളിയും പണ്ഡിതനുമായ അൽ ഹാജ് സിറാജ് കോയ മുസ്ലിയാരായിരുന്നു പിതാവ്.പ്രാഥമിക പഠനം പിതാവിൽ നിന്ന് തന്നെയായിരുന്നു. പിന്നീട് വിദ്യാഭ്യാസം തേടി പൊന്നാനിയിലെത്തുകയും പ്രധാന ഫന്നുകളൊക്കെ സ്വായത്തമാക്കിയത് അവിടന്നാണ്. അറബി ഉറുദു ഭാഷകൾ അനായാസം കൈകാര്യം ചെയ്തിരുന്നു. ഉത്തര കർണ്ണാടകയിലും ലക്ഷദീപിലും നിരവധി ശിഷ്യഗണങ്ങളുടെ ഗുരുനാഥനുമാണ്. അഞ്ച് പതിറ്റാണ്ടുകളോളമായി മംഗലാപുരം ബിസി റോഡ് മിത്തബയൽ ജുമാ മസ്ജിൽ മുദരിസായി സേവനം ചെയ്തു വരുകയായിരുന്നു. 1971 ലാണ് മിത്ത ബൈലിൽ സേവനം തുടങ്ങുന്നത്.
ആ ജീവിതത്തിനോട് ചേർന്ന് ഒരു നാടിനെയും മഹാനവർകൾ പാകപ്പെടുത്തി ഇസ്ലാമിക ശിആറുള്ളതാക്കി സംസ്കരിച്ചെടുത്തിരുന്നു.

അധികാമാരും ശ്രദ്ധിക്കാതെ പോവേണ്ടിയിരുന്ന ആ ജീവിതം മുസ്ലിം പൊതു മണ്ഡലത്തിലേക്ക് എത്തുന്നത് സമസ്തയുടെ നേതൃനിരയിലേക്ക് അവരോധിക്കപ്പെടുന്നതിലൂടെയായിരുന്നു. ദീർഘകാലമായി സമസ്ത കേന്ദ്ര മുശാവറ അംഗമായിരുന്ന മഹാനവർകൾ 2017 ജനുവരി 22 നാണ് സമസ്ത ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുന്നത്. പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ, കേന്ദ്ര മുശാവറ അംഗളായ ശൈഖുന യുഎം അബ്ദു റഹ്മാൻ മൗലവി, ഖാസി ഇ കെ മഹ്മൂദ് മുസ്ലിയാർ, മർഹൂം നാട്ടിക വി മൂസ മുസ്ലിയാർ എന്നിവർ അദ്ധേഹത്തിന്റെ സഹപാഠികളാണ്. തന്റെ മക്കളിലധികവും പണ്ഡിതന്മാരാക്കി വാർത്തെടുക്കാനുള്ള ശ്രമം വിജയിക്കുകയായിരുന്നു. ദക്ഷിണ കർണ്ണാടകയിലെ മുസ്ലിംകൾക്കിടയിലെ മതപരമായ കാര്യങ്ങളിലെ അവസാന വാക്കായിരുന്നു. പണ്ഡിത്യവും തഖ് വയും വിനയവും ഒത്തിണങ്ങിയതായിരുന്നു അവിടുത്തെ ജീവിതം.അദ്ധേഹത്തിന്റെ ജനകീയതയും സ്വീകാര്യതയും പ്രാസ്ഥാനികമായി സമസ്തക്ക് ദക്ഷിണ കർണ്ണാടകയിൽ ഒരു മുതൽ കൂട്ടായിരുന്നു. ബഹളങ്ങളിൽ നിന്നെല്ലാം വഴിമാറി തികച്ചും ആത്മീയതയിൽ അലിഞ്ഞു ചേർന്ന ശംസുദ്ധമായ ഒരു ജീവിതം നയിക്കുകയായിരുന്നു മഹാനവർകൾ. പല പദവികളും പലപ്പോഴും അദ്ധേഹത്തെ തേടിയെത്തിയെങ്കിലും ഒഴിഞ്ഞു മാറുന്ന പ്രകൃതമായിരുന്നു. നിഷകളങ്കത, ഭക്തി, വിനയം ആ മുഖത്ത് എപ്പോഴും പ്രകടമായിരുന്നു.
ഒരു ഉഖറവിയായ ആലിമിൽ ഉണ്ടാവേണ്ട എല്ലാ ഗുണങ്ങളും അദ്ധേഹത്തിന്റെ ജീവിതത്തിലുടനീള മുണ്ടായിരുന്നു,
കടന്ന് പോയ വഴികളത്രയും സുകൃതങ്ങളായിരുന്നു. ദക്ഷിണ കർണ്ണാടകയിലെ തന്റെ കർമ്മഭൂമിയിൽ സമസ്തയെന്ന വടവൃക്ഷം വളർന്ന് പന്തലിച്ചപ്പോഴും അതിന്റെ പരമോന്നത പദവിയിൽ നിയോഗിക്കപ്പെട്ടപ്പോഴും തന്റെ വാക്കുകളിലൊ പ്രവർത്തനങ്ങളിലൊ ഇടപെടലുകളിലൊ വേഷവിധാനങ്ങളിലൊ ഒന്നും തന്നെ പ്രകടമായിരുന്നില്ല. ലാളിത്യവും വ്യക്തി വിശുദ്ധിയും പാണ്ഡിത്യത്തിൽ ലയിച്ചു ചേർന്നാൽ പ്രബോധന വീഥിയെ എത്ര മനോഹരമാക്കാം എന്നു ജീവിത വഴിയിൽ വരച്ചുകാണിച്ചിട്ടാണ് ശൈഖുന യാത്രയായത്.

ഇബ്രാഹിം ഫൈസി ജെഡിയാർ

LEAVE A REPLY

Please enter your comment!
Please enter your name here