കഞ്ചാവുമായി ലിഫ്റ്റ് ചോദിച്ച്‌ കയറിയത് എക്‌സൈസ് വാഹനത്തില്‍; ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവിനെ കൈയോടെ പിടികൂടി ഉദ്യോഗസ്ഥന്‍

0

കഞ്ചാവുമായി ലിഫ്റ്റ് ചോദിച്ച്‌ യുവാവ് കയറിയത് എക്‌സൈസ് ഉദ്യോഗസ്ഥന്റെ ഇരുചക്രവാഹനത്തില്‍. ഇരുചക്രവാഹന യാത്രികരോട് ലിഫ്റ്റ് ചോദിച്ച്‌ കഞ്ചാവ് കടത്തിയിരുന്ന യുവാവാണ് ഒടുവില്‍ പെട്ടത്. ഒന്നേകാല്‍ കിലോ കഞ്ചാവുമായി ലഹരി കടത്തുകാരനെ എക്‌സൈസ് കൈയോടെ പിടികൂടി. ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി മന്‍സീല്‍വീട്ടില്‍ മാഹിന്‍ (19) ആണ് കഞ്ചാവുമായി എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്.

തിരഞ്ഞെടുപ്പ് പ്രമാണിച്ച്‌ എക്‌സൈസ്, പൊലീസ് എന്നിവരുടെ കര്‍ശന പരിശോധന മറികടന്ന് ലഹരിവസ്തുക്കള്‍ കടത്തിക്കൊണ്ടുപോകുന്നത് ബുദ്ധിമുട്ടേറിയതിനാലും പിടിക്കപ്പെടാന്‍ സാധ്യത കൂടുതല്‍ ആയതിനാലും അപരിചിതരായ ഇരുചക്ര വാഹന യാത്രികരെ കരുവാക്കിയായിരുന്നു ഇയാള്‍ കഞ്ചാവ് കടത്തിയിരുന്നത്.

ഇരുചക്ര വാഹന യാത്രികരോട് ലിഫ്റ്റ് ചോദിച്ച്‌ യാത്ര ചെയ്യുമ്ബോള്‍ വാഹന പരിശോധന നേരിടേണ്ടി വന്നാല്‍ ഈ വാഹനങ്ങളുടെ കാരിയറിലേക്ക് തന്ത്രപരമായി തന്റെ കൈവശമുള്ള കഞ്ചാവ് കാരിബാഗ് തൂക്കിയിടുന്നതായിരുന്നു പ്രതിയുടെ രീതി. ഇതോടെ വാഹന പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ അപരിചിതനായ വാഹന ഉടമയുടെ തലയില്‍ കുറ്റം ചാരി തടിയൂരാനും പ്രതിക്ക് സാധിക്കും. ഇതാണ് പ്രതി ഈ മാര്‍ഗം പ്രയോഗിക്കാന്‍ കാരണം.

എന്നാല്‍, പ്രതിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച്‌ ഇയാള്‍ ലിഫ്റ്റ് ആവശ്യപ്പെട്ടെത്തിയത് തിരഞ്ഞെടുപ്പ് പ്രമാണിച്ച്‌ പ്രത്യേക നിരീക്ഷണങ്ങള്‍ക്കായി നിയോഗിച്ച എക്‌സൈസ് ഷാഡോ സംഘാംഗത്തിന്റെ വാഹനത്തിനു മുന്നില്‍. പ്രതി വാഹനത്തില്‍ കയറിയതും കഞ്ചാവിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനാല്‍ വാഹനമോടിച്ച ഷാഡോ ടീമംഗം വാഹനത്തിന് പ്രശ്‌നമുണ്ടെന്നു പറഞ്ഞ് വാഹനം നിര്‍ത്തി. ശേഷം പ്രതിയെ തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഉടന്‍ പട്രോളിങ്ങിലുണ്ടായിരുന്ന എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.