മരടിലെ രണ്ട് ഫ്ളാറ്റുകള്‍ വിജയകരമായി തകര്‍ത്തു; നാശനഷ്ടങ്ങൾ കണക്കാക്കാൻ പരിശോധന; രണ്ടാം ഘട്ടം നാളെ

0

തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ചതിനെ തുടര്‍ന്ന് സുപ്രീംകോടതി പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട മരടിലെ നാല് ഫ്ളാറ്റുകളില്‍ രണ്ടെണ്ണവും വിജയകരമായി പൊളിച്ചു നീക്കി. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനും പരിശോധനകള്‍ക്കും ശേഷം സര്‍ക്കാര്‍ സംവിധാനങ്ങളുടെയും രാജ്യത്തെ മികച്ച സാങ്കേതിക വിദഗ്ദ്ധരുടേയും സഹായത്തോടെയാണ് മരടിലെ രണ്ട് ഫ്ളാറ്റുകളും വിജയകരമായി പൂര്‍ത്തിയാക്കിയത്.

11.18-ഓടെ മൂന്നാമത്തെ സൈറണ്‍ മുഴങ്ങുകയും 11.19-ഓടെ എച്ച്.ടു.ഒ ഫ്ളാറ്റില്‍ ചെറുസ്ഫോടനങ്ങളുടെ നീണ്ടനിര തന്നെ ഉണ്ടാവുകയും ചെയ്തു. സെക്കന്‍ഡുകള്‍ കൊണ്ട് കെട്ടിട്ടം ഒന്നാകെ നിലം പതിക്കുകയും പിന്നാലെ പ്രദേശമാകെ പൊടിയില്‍ മൂടുകയും ചെയ്തു. പ്രതീക്ഷിച്ച രീതിയില്‍ തന്നെ കെട്ടിട്ടം നിലത്തു പതിപ്പിക്കാന്‍ സാധിച്ചെങ്കിലും കനത്ത പൊടിപടലമുണ്ടായത് ഒരു നിമിഷം കാഴ്ചക്കാരെ അമ്പരപ്പിച്ചു. വെള്ളം തളിച്ച് പൊടി നിയന്ത്രിക്കാന്‍ ഫയര്‍ഫോഴ്സ് സജ്ജരായിരുന്നുവെങ്കിലും അഞ്ച് മിനിറ്റിനകം പൊടിയടങ്ങി പിന്നാലെ ആല്‍ഫ സരിനില്‍ പൊട്ടിത്തെറിക്ക് മുന്നോടിയായുള്ള സൈറണ്‍ മുഴങ്ങി.

ആല്‍ഫ സരിനിലെ ഇരട്ട ഫ്ളാറ്റുകളില്‍ ചെറിയ ഫ്ളാറ്റാണ് ആദ്യം സ്ഫോടനത്തില്‍ തകര്‍ത്തത് 11.44-നായിരുന്നു ആദ്യസ്ഫോടനം. സെക്കന്‍ഡുകളുടെ ഇടവേളയില്‍ രണ്ടാമത്തെ ഫ്ളാറ്റും തകര്‍ത്തു. എച്ച്ടുഒ ഫ്ളാറ്റ് തകര്‍ത്തപ്പോള്‍ അധികം കെട്ടിടാവശിഷ്ടങ്ങളൊന്നും പരിസരത്തേക്ക് തെറിച്ചു പോയില്ല. എന്നാല്‍ ജനസാന്ദ്രതയേറിയ ആല്‍ഫ സരിനില്‍ സ്ഫോടനം നടത്തിയപ്പോള്‍ അതിന്‍റെ അവശിഷ്ടങ്ങള്‍ പലതും കായലില്‍ പതിച്ചതായി സംശയിക്കുന്നുണ്ട്. ശക്തമായ ഓളങ്ങളാണ് സ്ഫോടനത്തിന് പിന്നാലെ ഈ ഭാഗത്ത് കായലില്‍ ഉണ്ടായത്.

കെട്ടിട്ടം തകര്‍ക്കുമ്പോള്‍ 10 മുതല്‍ 20 ശതമാനം കെട്ടിട്ട അവശിഷ്ടങ്ങള്‍ കായലിലേക്ക് വീണേക്കാം എന്ന് കെട്ടിട്ടം പൊളിക്കാനുള്ള കരാര്‍ എടുത്ത വിജയ് സ്റ്റീല്‍സ്റ്റിന്‍റെ വക്താക്കള്‍ അറിയിച്ചിരുന്നു. ആല്‍ഫ സരിന് ചുറ്റും നൂറുകണക്കിന് വീടുകളും മറ്റു കെട്ടിട്ടങ്ങളും ഉള്ളതിനാല്‍ ഇവിടെ എത്രത്തോളം നാശനഷ്ഠങ്ങളുണ്ടായി എന്നത് വിദഗ്ദ്ധ പരിശോധന നടത്തിയാല്‍ മാത്രമേ വ്യക്തമാകൂ. രണ്ട് ഫ്ളാറ്റുകളും വിജയകരമായി പൊളിച്ച സാഹചര്യത്തില്‍ തേവര-കുണ്ടന്നൂര്‍ പാതയും പ്രദേശത്തെ മറ്റു റോഡുകളും ഗതാഗതത്തിന് തുറന്നു കൊടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here