മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കലിലൂടെ പല പ്രമുഖരുടെയും കണ്ണിലെ കരടായ വ്യക്തിയാണ് മുന്‍ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കട്ടരാമന് എന്ന ഐഎഎസ്സുകാരൻ. 2016 ജുലൈ 22നാണ് ശ്രീറാം വെങ്കിട്ടരാമൻ ഇടുക്കി ജില്ലയിൽ ദേവികുളം സബ്കലക്ടറായി ചുമതലയേറ്റത്. 2016 ഒക്ടോബറിൽ തന്നെ അനധികൃത കൈയ്യേറ്റങ്ങൾക്കെതിരെ നടപടിയുമായി മുന്നോട്ട് നീങ്ങിയാണ് ശ്രീറാം വെങ്കിട്ടരാമൻ ശ്രദ്ധേയമാവുന്നത്.
തേവള്ളിപറമ്പില്‍ ജോസഫ് അലക്സ് എന്ന മമ്മൂട്ടി കഥാപത്രത്തോട് പോലും അന്ന് സോഷ്യൽ മീഡിയ ശ്രീറാമിനെ ഉപമിച്ചു.
നാഷണൽ മെഡിക്കൽ എൻട്രൻസിൽ 770-ാം റാങ്കോടെയാണ് ശ്രീറാം വെങ്കിട്ടരാമൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസ് പ്രവേശനം നേടിയത്. ബിരുദം നേടിയതിന് ശേഷം പ്രത്യേക പരിശീലനത്തിന് പോകാതെ രണ്ട് തവണ കെസിൽ പരീക്ഷ എഴുതി. 2013ൽ രണ്ടാം റാങ്ക് തിളക്കത്തോടെയാണ് സിവിൽ സർവ്വീസിൽ എത്തി. എന്നാൽ ശ്രീറാം വെങ്കട്ടരാമന് എന്ന നായകൻ ഇപ്പോൾ പ്രതിനായകനാണ്.
മദ്യപിച്ച് ലക്ക് കെട്ട് ശ്രീറാം ഓടിച്ച കാർ ഒരു മാധ്യമപ്രവർത്തകന്റെ ജീവനാണ് എടുത്തത്. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് കെഎം ബഷീറാണ് അപകടത്തിൽ മരണപ്പെട്ടത്. അമിത വേഗതയിലെത്തിയ കാർ റോഡിൽ നിന്ന് തെന്നിമാറി ബഷീർ സഞ്ചരിച്ച ബൈക്കിന് പുറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മ്യൂസിയം ജംഗ്ഷനിലെ പബ്ലിക്ക് ഓഫീസിന്റെമതിലിലേക്ക് ബൈക്ക് തെറിക്കുകയായിരുന്നു. കൊല്ലത്ത് സിറാജ് പത്രത്തിന്റെ യോഗത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബഷീറിന്റെ ബൈക്ക് അപകടത്തിൽപെട്ടത്. അന്വേഷണത്തിൽ വാഹനമോടിച്ചത് ശ്രീറാം തന്നെയാണെന്ന് തെളിഞ്ഞിട്ടുണ്ട്. വൈദ്യ പരിശോധനയിൽ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ ഐഎഎസ് ഓഫീസറെ രക്ഷിക്കാനുള്ള നീക്കവും പോലീസ് നടത്തി. എഫ്ഐആറിൽ വാഹനം ഓടിച്ചവരുടെ പേരെഴുത്താതെയും മദ്യപിച്ചെന്നറിഞ്ഞിട്ടും രക്ത സാമ്പിളെടുക്കാതെയും പോലീസ് സഹായിച്ചു. കൂടാതെ ദൃക്സാക്ഷികളുടെ മൊഴിയും പോലീസ് മുഖവിലക്കെടുത്തില്ല. തുടർന്ന് മാധ്യമ ഇടപെടലുകൾ സജീവമായതോടെയാണ് പോലീസ് ഒമ്പത് മണിക്കൂർ കഴിഞ്ഞാണ് ശ്രീറാമിന്റെ രക്തസാമ്പിൾ എടുത്തത്.സർവീസിൽ തിരിച്ചെത്തിയതിന്റെ പാർട്ടിയിൽ ശ്രീറാമിനൊപ്പം മോഡൽ വഫാ ഫിറോസുമുണ്ടായിരുന്നു. ഇരുവരെയും കേസിൽ പോലീസ് പ്രതി ചേർത്തിട്ടുണ്ട്.