അമ്മായിയമ്മയെ പാറക്കല്ല് കൊണ്ട് തലയ്ക്കിടിച്ച്‌ കൊല്ലാന്‍ ശ്രമം; യുവതി പിടിയില്‍

0

പുത്തൂര്‍: ഉറങ്ങിക്കിടന്ന ഭര്‍തൃമാതാവിനെ പാറക്കല്ല് കൊണ്ട് തലയ്ക്കിടിച്ച്‌ കൊല്ലാന്‍ ശ്രമം. മരുമകള്‍ പിടിയില്‍. പൊങ്ങന്‍പാറ വാര്‍ഡില്‍ വെണ്ടാര്‍ വെല്‍ഫെയര്‍ സ്‌കൂളിനു സമീപം ആമ്ബാടിയില്‍ പുത്തന്‍വീട്ടില്‍ ചന്ദ്രശേഖരന്‍ പിള്ളയുടെ ഭാര്യ രമണിയമ്മ(66)യാണ് മരുമകൾ കൊല്ലാൻ ശ്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ ഇവരുടെ മകന്‍ ബിമല്‍കുമാറിന്റെ ഭാര്യ ഗിരിത(40)യെ പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ഉച്ചയുറക്കത്തിനായി മുറിക്കുള്ളില്‍ കട്ടിലില്‍ കിടക്കുകയായിരുന്ന രമണിയമ്മയെ വലിയ പാറക്കല്ല് കൊണ്ട് ഗിരിത തലയ്ക്ക് ഇടിച്ചു. നിലവിളി കേട്ട് പരിസരവാസികള്‍ ഓടികൂടിയപ്പോള്‍ വാതിലുകള്‍ അടഞ്ഞ നിലയിലായിരുന്നു. ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അടുക്കള വാതില്‍ തല്ലിത്തുറന്ന് അകത്തു കയറിയപ്പോള്‍ തലപൊട്ടി ചോരയില്‍ കുളിച്ച നിലയിലായിരുന്നു രമണിയമ്മ.

നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ഗിരിതയെ പിടികൂടി. ഇടിക്കാനുപയോഗിച്ച കല്ല് ബിഗ്‌ഷോപ്പറിനുള്ളില്‍ നിന്നും പൊലീസ് കണ്ടെടുത്തു. ഗിരിതയ്‌ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പുത്തൂര്‍ എസ് ഐ. ആര്‍.രതീഷ് കുമാര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here