മുഹമ്മദ് സിനാൻ : കാസർഗോഡിന്റെ മാറിലെ ഉണങ്ങാത്ത മുറിവ്

0

മുഹമ്മദ് സിനാൻ : കാസർഗോഡിന്റെ മാറിലെ ഉണങ്ങാത്ത മുറിവ് …
നീതി ദേവതയും കണ്ണടച്ച നിമിഷത്തിൽ ഒരു തിരിഞ്ഞു നോട്ടം

കേരളം മുഴുവൻ ദിലീപിന്റെയും നാദിര്ഷയുടെയും കാവ്യാമാധവന്റെയുമൊക്കെ കേസുകളുടെ പിന്നാലെ നടന്നപ്പോൾ, കേരളത്തിന്റെ വടക്കൻ അതിർത്തി ജില്ലയായ കാസർഗോഡ് ഒരു വിധിന്യായം നടന്നു .. ഒരു കുടുംബത്തിന്റെയും നാടിന്റെയും നീതി ന്യായ വ്യവസ്ഥകളോടുള്ള വിശ്വാസം നഷ്ടമാക്‌കുന്ന ആ വിധി പുത്രവിയോഗത്തിൽ ഒരു പതിറ്റാണ്ടോളമായി നീതിക്കു കാത്തിരുന്ന ഒരു കുടുംബത്തിന്റെ തേങ്ങലായി മാറി ..

2008 ഏപ്രിൽ മാസം 16നാണ് നെല്ലിക്കുന്ന്ബങ്കരക്കുന്ന് ഷബ്‌ന മൻസിലിൽ മാമുവിന്റെ മകൻ മുഹമ്മദ് സിനാൻ കാസർഗോഡ് ദേശീയപാതയിൽ ആനബാഗിലു അണ്ടർബ്രിഡ്ജിനു സമീപം കൊല ചെയ്യപ്പെടുന്നത് .
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സിനാൻ വഴിയിൽ തടഞ്ഞു നിർത്തി കൂട്ടം ചേർന്ന് കുത്തുകയായിരുന്നു..ഗുരുതരമായ പരുക്കേറ്റ സിനാൻ രക്തം വാർന്ന് വഴിയരികിൽ വളരെയധികം നേരം കിടന്നു. ഒടുവിൽ സമീപ വാസിയായ ഒരു ഡോക്ടറുടെ ഇടപെടലിലൂടെയാണ് ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതും ,മംഗളുരുവിലേക്കുള്ള യാത്രാമധ്യേ സിനാൻ മരണപ്പെടുന്നതും .

48ഓളം സാക്ഷികൾ ഉണ്ടായിരുന്ന കേസിൽ 23 സാക്ഷികളെ വിസ്തരിച്ചെങ്കിലും ഇവർക്കെതിരെയുള്ള കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.ദൃക്‌സാക്ഷികൾ ഉണ്ടായിരുന്നെങ്കിലും ഒരിക്കൽ പോലും ഇവരെ പ്രതികളെ തിരിച്ചറിയാൻ പോലീസൊ കോടതിയോ വിളിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്..

വിധി പ്രസ്താവന മൂന്നു തവണ മാറ്റി വച്ച കേസിൽ , ഇന്ന് ചേർന്ന കോടതിമുഴുവൻ പ്രതികളെയും നിരുപാധികം വിട്ടയച്ചു കൊണ്ട് വിധിന്യായം പുറപ്പെടുവിക്കുകയായിരുന്നു. അണങ്കൂര്‍ ജെ.പി കോളനിയിലെ ജ്യോതിഷ് (30), അടുക്കത്ത് ബയല്‍ കശുവണ്ടി ഫാക്ടറി റോഡില്‍ കിരണ്‍ കുമാര്‍ (30), കെ നിതിന്‍ കുമാര്‍ (33) എന്നിവരെയാണ് കാസർഗോഡ് ജില്ലാ സെഷൻസ് ജഡ്ജ് മനോഹർ കിണിയുടെ വിധിന്യായത്തിൽ സോപാധികം വിട്ടയച്ചതായ് ഉത്തരവിട്ടത്..പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ സി എൻ ഇബ്രാഹിമും പ്രതികൾക്ക് വേണ്ടി ബിജെപി മുൻ സംസ്ഥാന പ്രസിഡന്റായിരുന്ന അഡ്വ പി എസ് ശ്രീധരൻ പിള്ളയുമാണ് ഹാജരായത് .

സന്ദീപ്, മുഹമ്മദ് സിനാന്‍, അഡ്വ. സുഹാസ്, മുഹമ്മദ് ഹാജി, റിഷാദ്, റഫീഖ്, ഉപേന്ദ്രന്‍, അസ്ഹര്‍, സാബിത്,ഫഹദ് മോൻ, സൈനുല്‍ ആബിദ്, റിയാസ് മൗലവി എന്നിവരാണ് 2008 മുതല്‍ കാസര്‍കോട്ട് സാമുദായിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടത്. ഇതില്‍ റിഷാദ്, അസ്ഹര്‍, ഏറ്റവും ഒടുവിലായി സിനാന്‍ വധക്കേസുകളിലെ പ്രതികളെയാണ് കോടതി വെറുതെവിട്ടത്. വെറുതെ വിട്ട പ്രതികൾ സജീവ ആർഎസ്എസ് ബിജെപി പ്രവർത്തകരും,നിരവധി കേസുകളിലെ പ്രതികളുമാണ്. മറ്റു കൊലപാതക കേസുകള്‍ വിചാരണ ഘട്ടത്തിലും, ചിലത് വിചാരണ നടക്കാനിരിക്കുകയുമാണ്. ഈ കേസുകളിൽ പലതിലും അന്വേഷണ സമയത്ത് കുറ്റപത്രത്തിലും തെളിവുകളിലും അട്ടിമറി നടന്നതായി ആരോപണങ്ങൾ ഉണ്ടായിരുന്നു .. കേസുകൾ വഴി തിരിച്ചു വിട്ട് പ്രതികൾക്കനുകൂലമായ വിധി സമ്പാദിക്കുവാനുള്ള ഒത്താശകൾ പോലീസിൽ നിന്നും ഉണ്ടായിട്ടുണ്ടെന്നത് പരസ്യമായ രഹസ്യമാണ്.

ഇങ്ങനെയൊരു സാഹചര്യത്തിൽ ഇനിയും വിധി വരാനിരിക്കുന്ന കേസുകളുടെ അവസ്ഥയും ഇതൊക്കെ തന്നെയാകുമോ എന്ന ചോദ്യവും ബാക്കി നിൽക്കുന്നു .. ചൂരിയിലെ മുഹമ്മദ്‌സാബിത്, അടുക്കത്ത്ബയൽ ഹാജി, തളങ്കര സൈനുൽ ആബിദ്, റിയാസ് മൗലവി തുടങ്ങിയവരുടെ കേസുകളിലെങ്കിലും നീതി ദേവത കണ്ണടയ്ക്കില്ലെന്നു നമുക്ക് ആശിക്കാം …

ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ,ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന അടിസ്ഥാന ധർമമാണ് നമ്മുടെയെല്ലാം എന്നത്തേയും ന്യായത്തിന്റെ പ്രതീക്ഷ .. എന്നാൽ ഇന്ന് എല്ലാം തലതിരിഞ്ഞ നടക്കുമ്പോൾ , ഇനിയുമൊരു കലാപത്തിന്റെയും വിത്തുകൾ ഈ മണ്ണിൽ മുളയ്ക്കാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ നമുക്ക് കാത്തിരിക്കാം…

-@സൂര്യൻ@-