മാണിയുമായി ചര്‍ച്ചയ്ക്കൊരുങ്ങി ലീഗ്; നിലപാട് കടുപ്പിച്ച്‌ കോണ്‍ഗ്രസ്

0

തിരുവനന്തപുരം(www.big14news.com) : മൂന്നു പതിറ്റാണ്ടു നീണ്ടുനിന്ന യുഡിഎഫ് ബന്ധം ഉപേക്ഷിച്ച്‌ സമദൂരത്തിലേക്ക് മാറിയ കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായി ചര്‍ച്ച നടത്തുമെന്ന് ഘടകകക്ഷിയായ മുസ്‍ലിം ലീഗ്. കെ.എം. മാണിയുമായി ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന കാര്യം മുസ്‍ലിം ലീഗ് നിയസഭാകക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയാണ് അറിയിച്ചത്. നിര്‍ണായകമായ ചരല്‍ക്കുന്ന് യോഗം കഴിഞ്ഞാല്‍ സംസാരിക്കാമെന്ന് മാണി ഉറപ്പുനല്‍കിയിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

മാണിയുമായി ചര്‍ച്ച നടത്തിയശേഷമാകും ഈ വിഷയത്തില്‍ മുസ്‍ലിം ലീഗ് നിലപാട് സ്വീകരിക്കുക. മതേതരത്വത്തെ ബാധിക്കുന്ന സമീപനമാണെങ്കില്‍ മുസ്‍ലിം ലീഗ് എതിര്‍ക്കും. ഇപ്പോഴുണ്ടായ പ്രശ്നങ്ങള്‍ എല്ലാത്തിന്റെയും അന്ത്യമല്ല. തദ്ദേശഭരണ സ്ഥാപനങ്ങളില്‍ യുഡിഎഫ് വിടില്ലെന്ന് മാണി തന്നെ പറഞ്ഞിട്ടുണ്ട്. പ്രശ്നമെന്താണെന്നും തീര്‍ക്കാവുന്നതാണോ എന്നും മാണിയില്‍നിന്ന് നേരിട്ട് അറിയണം. മാണിയെ തിരിച്ചുകൊണ്ടുവരാന്‍ ചര്‍ച്ച നടത്തുമോ ഇല്ലയോ എന്ന് ഇപ്പോള്‍ പറയാനില്ല. കേരള കോണ്‍ഗ്രസ് നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കാന്‍ തീരുമാനിച്ചതിന്റെ സാഹചര്യം യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുന്നണി വിട്ട കേരളാ കോണ്‍ഗ്രസ് നടപടിയില്‍നിന്ന് യുഡിഎഫ് പാഠം പഠിക്കണമെന്ന് ഘടകക്ഷിയായ ജെഡിയു ആവശ്യപ്പെട്ടു.

അതേസമയം, മുന്നണി വിടാനുള്ള കേരള കോണ്‍ഗ്രസിന്റെ തീരുമാനത്തോട് രൂക്ഷമായ പ്രതികരണമായിരുന്നു കോണ്‍ഗ്രസിന്റേത്. യുഡിഎഫ് വിടാനുള്ള കേരള കോണ്‍ഗ്രസിന്റെ തീരുമാനം തികച്ചും അപഹാസ്യമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. തിരഞ്ഞെടുപ്പില്‍ ഒരുമിച്ചു മല്‍സരിച്ചിട്ട് രണ്ടു മാസം പോലുമായില്ല. കേരള കോണ്‍ഗ്രസിന് ഏതെങ്കിലും കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ തുറന്നുപറയാമായിരുന്നു. എന്നാല്‍ എന്തെങ്കിലും പ്രശ്നമുള്ളതായി ഒരു ഫോറത്തിലും പറഞ്ഞിട്ടില്ലെന്നും രമേശ് പറഞ്ഞു. യുഡിഎഫ് അധികാരത്തിലായിരുന്നുവെങ്കില്‍ അവര്‍ വിട്ടുപോകുമായിരുന്നോയെന്നും ചെന്നിത്തല ചോദിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ബന്ധം തുടരുമെന്നു പറയുന്നു. യുഡിഎഫിന് അധികാരം ഉണ്ടായിരുന്നുവെങ്കില്‍ വിട്ടുപോകില്ലായിരുന്നു എന്നതിനു തെളിവാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുന്നണി വിടാനുള്ള കേരളകോണ്‍ഗ്രസ് തീരുമാനം രാഷ്ട്രീയ തറവാടിത്തതിന് േചര്‍ന്നതല്ലെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്റെ പ്രതികരണം. മാണിയുടേത് സമദൂര സിദ്ധാന്തമല്ലെന്നും മറിച്ച്‌ അവസരവാദ സിദ്ധാന്തമാണെന്നും സുധീരന്‍ ആരോപിച്ചു. ബാര്‍കോഴ വിവാദം ഉണ്ടായപ്പോള്‍ കോണ്‍ഗ്രസ് എറെ നഷ്ടം സഹിച്ചും മാണിയെ സംരക്ഷിച്ചു. കോണ്‍ഗ്രസിനെ ഭിന്നിപ്പിക്കാനോ ഏതെങ്കിലും നേതാവിനെ ഒറ്റപ്പെടുത്താനോ ശ്രമിച്ചാല്‍ ശക്തമായി പ്രതികരിക്കുമെന്നും സുധീരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

യുഡിഎഫ് വിടാനുള്ള കേരള കോണ്‍ഗ്രസിന്റെ (എം) തീരുമാനം ദൗര്‍ഭാഗ്യകരമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ബന്ധം പൂര്‍ണമായും വിടര്‍ത്തണമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ പ്രതികരിച്ചു. തദ്ദേശസ്ഥാപനങ്ങളില്‍ മാത്രമായി ബന്ധം തുടരാനാകില്ല. ഒരുപരാതിയും ഇതുവരെ അവര്‍ ഉന്നയിച്ചിട്ടില്ലെന്നും പി.പി.തങ്കച്ചന്‍ പറഞ്ഞു

ബാര്‍ കോഴക്കേസ് മുന്‍നിര്‍ത്തിയുള്ള കെ.എം. മാണിയുടെ തന്ത്രമാണ് ഇപ്പോഴത്തെ നിലപാടിന് പിന്നിലെന്ന് വി.ഡി.സതീശന്‍ എംഎല്‍എ പറഞ്ഞു. യുഡിഎഫിനെ ദുര്‍ബലപ്പെടുത്തി എല്‍ഡിഎഫിനെ സഹായിക്കാനുള്ള നീക്കം രാഷ്ട്രീയമായി മര്യാദകേടാണ്. തിരഞ്ഞെടുപ്പിന് മുന്‍പ് ഈ നിലപാട് എടുത്തിരുന്നെങ്കില്‍ യുഡിഎഫിന് ഗുണമായേനെയെന്നും അദ്ദേഹം കൊച്ചി പറവൂരില്‍ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here