നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ ആത്മഹത്യയില്‍ വന്‍ പ്രതിഷേധം; കോളേജ് അടച്ചിട്ടു

0

തൃശൂര്‍(www.big14news.com):തൃശൂര്‍ പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണയോയിയുടെ ആത്മഹത്യയില്‍ വ്യാപകമായി പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ കോളേജ് അടച്ചിട്ടു. മാനേജ്‌മെന്റിന്റെ പീഡനമാണ് മരണ കാരണമെന്ന് സുഹൃത്തുക്കളും ബന്ധുക്കളും ആരോപിച്ചു.

ജിഷ്ണുവിന് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ വെച്ച് മര്‍ദ്ദനമേറ്റവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവത്തിനെതിരെ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും സുഹൃത്തുക്കളും രംഗത്തെത്തിയതോടെ കോളേജ് അടച്ചിടുവാന്‍ മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.

വെള്ളിയാഴ്ച്ച വൈകുന്നേരമാണ് കോളേജ് ഹോസ്റ്റല്‍ മുറിയില്‍ കോഴിക്കോട് സ്വദേശിയായ ജിഷ്ണു പ്രണയോയിയെ(18) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കോപ്പിയടിച്ചതിന് വിദ്യാര്‍ത്ഥിക്ക് താക്കീത് നല്‍കി വിടുകയായിരുന്നുവെന്നാണ് മാനേജ്‌മെന്റ് വാദം. എന്നാല്‍ ജിഷ്ണുവിന്റെ മൃതദേഹം പകര്‍ത്തിയ വീഡിയോയില്‍ ശരീരത്തില്‍ മര്‍ദ്ദനമേറ്റതായി പാടുകളുണ്ട്.

മൂക്കിന്റെ വലതു ഭാഗത്ത് മര്‍ദ്ദനമേറ്റ് രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും ഉള്ളം കാലിലും പുറത്തും മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. ശരീരത്തില്‍ മുഴുവനായി കാണുന്ന മര്‍ദ്ദനത്തിന്റെ പാടുകളാണ് പ്രതിഷേധം വ്യാപകമാവുന്നതിന് കാരണമായത്.

പ്രതിഷേധം ഭയന്ന് തിങ്കളാഴ്ച മുതല്‍ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിടാന്‍ മാനേജ്മെന്റ് തീരുമാനിച്ചിരിക്കുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് എസ്എഫ്‌ഐ കോളേജിലേക്ക് മാര്‍ച്ച് നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here