ഇന്ത്യക്കാരുടെ എൻ.ആർ.ഐ അക്കൗണ്ട്​ നിക്ഷേപം പരിശോധിക്കാനൊരുങ്ങി സൗദി

0

(www.big14news.com)ഇന്ത്യൻ എൻഫോഴ്സ്മെൻറ്​ ഡയറക്ടറേറ്റിന്‍റെ അഭ്യർഥനയെ തുടർന്ന് 2000 ത്തോളം ഇന്ത്യക്കാരുടെ എൻ.ആർ.ഐ അക്കൗണ്ട്​ നിക്ഷേപം പരിശോധിക്കാനൊരുങ്ങി സൗദി വാണിജ്യ മന്ത്രാലയം. ഈ അക്കൗണ്ടുകളിലെ പണമിടപാടുകളിൽ സൂക്ഷ്മ പരിശോധന നടത്തണമെന്ന് സ്ഥാപനങ്ങളോട് സർക്കുലർ വഴി ആവശ്യപ്പെട്ടു. വരുമാനത്തിൽ കൂടുതൽ നിക്ഷേപം കണ്ടെത്തിയാൽ സാമ്പത്തിക കുറ്റം ചുമത്തുമെന്ന്​ മന്ത്രാലയം മുന്നറിയിപ്പ്​ നൽകുകയും ചെയ്തു.

കഴിഞ്ഞ നാല് വർഷങ്ങളിലായി സംശയാസ്പദമായ നിലയിൽ വൻ നിക്ഷേപങ്ങൾ ഉണ്ടായ അക്കൗണ്ടുകളാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഇത്തരം അക്കൗണ്ടുകൾ ഇന്ത്യൻ ധനകാര്യ ഏജൻസികൾ നിരീക്ഷിച്ചു വരികയായിരുന്നു. ഇന്ത്യയിൽ സാമ്പത്തിക രംഗത്ത്​ അടുത്തിടെ ഉണ്ടായ പരിഷ്കരണ നടപടികളുടെ തുടർച്ചയായാണിത്.

പരിശോധിച്ച അക്കൗണ്ടുകളിൽ 2000 ത്തോളം എൻ.ആർ.ഐ അക്കൗണ്ടുകളുടെ വിവരങ്ങൾ നൽകാനാണ് സൗദിയോട് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യത്തെ മാനിച്ചാണ് വാണിജ്യമന്ത്രാലയം അക്കൗണ്ട്​ ഉടമകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്ക്​ സർക്കുലർ അയച്ചത്. വരുമാനത്തിൽ കവിഞ്ഞ നിക്ഷേപം കണ്ടെത്തുകയാണെങ്കിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.

ഇതിനായി രണ്ടുമാസം കാലയളവാണ് സ്ഥാപനങ്ങൾക്ക്​ നൽകിയിരിക്കുന്നത്. അതാത്​ പ്രവിശ്യകളുടെ ചേംബർ ഓഫ്​ കൊമേഴ്സിലെ കൊമേഴ്ഷ്യൽ കമ്മിറ്റികൾ പ്രാഥമിക അന്വേഷണത്തിന്​ നേതൃത്വം നൽകും. ക്രമക്കേട് വ്യക്തമായാൽ കുറ്റക്കാർക്ക്​ എതിരെ സാമ്പത്തിക കുറ്റം ചുമത്തുമെന്നും, സൗദി നിയമ നടപടികൾക്ക് ശേഷം മാത്രമായിരിക്കും ഇവരെ ഇന്ത്യയ്ക്ക് കൈമാറുകയുള്ളൂവെന്നും സർക്കുലർ വ്യക്തമാക്കി.