ദേശീയ അംഗീകാര മികവില്‍ പൂടംകല്ല് താലൂക്ക് ആശുപത്രി

0

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഗുണനിലവാര പരിശോധനയില്‍ 90 ശതമാനം മാര്‍ക്ക് കരസ്ഥമാക്കി രാജ്യത്തെ മികച്ച ആതുരാലയങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചു പൂടംകല്ല് താലൂക്ക് ആശുപത്രി. കേന്ദ്ര ആരോഗ്യ അഡീഷ്ണല്‍ സെക്രട്ടറി മനോജ് ജലാനിയുടെ ഉത്തരവ് പൂടംകല്ല് ആശുപത്രി സൂപ്രണ്ട് ഡോ.സി.സുകുവിന് ലഭിച്ചു. മൂവായിരത്തോളം മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനയിലാണ് പൂടംകല്ല് ആശുപത്രിയെ ഈ അംഗീകാരം തേടിയെത്തിയത്.
മൂന്നു വര്‍ഷത്തേക്കാണ് അംഗീകാരം. ഈ കാലയളവില്‍ ഒരു ബെഡിന് വര്‍ഷം തോറും പതിനായിരം രൂപ നിരക്കില്‍ 3,50,000 രൂപ വീതം കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാന്റ് ആശുപത്രിക്ക് ലഭിക്കും. നിലവില്‍ 35 കിടക്കകളാണ് ആശുപത്രിക്കുള്ളത്. ഗുണനിലവാരമുള്ള സേവനങ്ങളും സൗകര്യങ്ങളും രോഗികള്‍ക്ക് ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.
2016 മുതല്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും കഠിന പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഈ അംഗീകാരം ലഭിച്ചത്. ഈ വര്‍ഷം തന്നെ സംസ്ഥാന സര്‍ക്കാര്‍ ഈ സ്ഥാപനത്തെ താലൂക്കാശുപത്രിയായി ഉയര്‍ത്തുകയും ചെയ്തിരുന്നു. ജില്ലാ തലത്തില്‍ ഈ വര്‍ഷം തന്നെ മറ്റ് ആരോഗ്യ സ്ഥാപനങ്ങളെയും ഇതേ രീതിയില്‍ ഉയര്‍ത്തിക്കൊണ്ടുവന്നു ഗുണനിലവാരമുള്ള സേവനം ജനങ്ങള്‍ക്ക് ഉറപ്പു വരുത്തുക എന്നാണ് ജില്ലാ ക്വാളിറ്റി അഷ്വറന്‍സിന്റെ ഉദ്ദേശം. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.പി.ദിനേശ് കുമാര്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രം മാനേജര്‍ ഡോ.രാമന്‍ സ്വാതി വാമന്‍, ജൂനീയര്‍ കണ്‍സള്‍ട്ടന്റ് ക്വാളിറ്റി അഷ്വറന്‍സ് ലിബിയ എം.സിറിയക്ക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി വരുന്നു.