ശബരിമല സ്ത്രീപ്രവേശനം: കണ്ണൂർ ടൗണിൽ ശരണം വിളികളോടെ പ്രകടനം നടത്തിയ അഞ്ചുപേർ അറസ്റ്റിൽ

0

കണ്ണൂർ: ശബരിമലയിൽ സ്ത്രീ പ്രവേശനാനുമതി നൽകികൊണ്ടുള്ള കോടതി വിധിയിൽ പ്രതിഷേധിച്ച് കണ്ണൂർ ടൗണിൽ പ്രകടനം നടത്തിയ അഞ്ചുപേരെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര ഹിന്ദുപരിഷത്തിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് ടൗണിൽ പ്ലക്കാർഡുകളുമേന്തി ഒരുസംഘം പ്രകടനം നടത്തിയത്. ശരണം വിളികളോടെയായിരുന്നു പ്രകടനം.

അക്ഷയ് കൂത്തുപറമ്പ്, ജ്യോതിരാജ് ഏരുവേശ്ശി, അക്ഷയ്‌കുമാർ തുവക്കുന്ന്, നിഥിൻ തലശ്ശേരി, സുധീഷ് ഏച്ചൂർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. പൊതുസ്ഥലത്ത് മാർഗതടസ്സം സൃഷ്ടിച്ചു എന്നാരോപിച്ചാണ് അറസ്റ്റ്. സംഭവത്തിൽ ഇവരടക്കം ഇരുപതോളം പേർക്കെതിരെ കേസെടുത്തു.

സെപ്റ്റംബർ 28 നാണ് ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കികൊണ്ടുള്ള വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാബെഞ്ചാണ് വിധി പറഞ്ഞത്. ഇതിൽ പ്രതിഷേധിച്ച് പലരും രംഗത്തെത്തിയിരുന്നു.

എന്നാൽ സുപ്രീം കോടതിയുടെ നിർണ്ണായക വിധിയിൽ ദേവസ്വം ബോർഡിന് ശ്കതമായ വിയോജിപ്പാണ് ഉണ്ടായത്. ആചാരം അറിയാവുന്ന സ്ത്രീകള്‍ ശബരിമലയിലേക്ക് വരുമെന്ന് തോന്നുന്നില്ലെന്നും, തന്റെ വീട്ടിലെ സ്ത്രീകളാരും ശബരിമലയില്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എ. പത്മകുമാര്‍ പ്രതികരിച്ചിരുന്നു. അമ്പലത്തിനുള്ളില്‍ വൈരുദ്ധ്യാത്മക ഭൗതികവാദം നടപ്പാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതെ സമയം കോടതി വിധിയെ സ്വാഗതം ചെയ്തും നിരവധി പേർ രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here