സച്ചിൻ പൈലറ്റ് ആ വാക്ക് പാലിച്ചു; ജയ്കിഷനും കുടുംബവും ഹാപ്പിയാണ്

0

ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ കനത്ത തോൽവി ഏറ്റുവാങ്ങിയിട്ടും സാധാരണക്കാരായ ഗ്രാമീണർക്ക് കൊടുത്ത വാക്ക് പാലിച്ചിരിക്കുകയാണ് സച്ചിൻ പൈലറ്റ്. രണ്ട് വർഷം മുമ്പ് നൽകിയൊരു വാഗ്ദാനം നിറവേറ്റാനായി സച്ചിൻ പൈലറ്റ് എത്തിയോതോടെ കർഷകരും ആവേശത്തിലാണ്. രണ്ട് വർഷം മുമ്പ് രാജസ്ഥാനിലെ കസേല ഗ്രാമത്തിലെത്തിയ സച്ചിൻ പൈലറ്റ് കർഷകരുടെ പ്രശ്നങ്ങൾ നേരിട്ട് കണ്ട് മനസിലാക്കി. അന്ന് തന്നെ സ്വീകരിച്ച ജയ്കിഷൻ എന്ന കർഷകന് സച്ചിൻ പൈലറ്റ് ഒരു വാക്ക് നൽകിയിരുന്നു. ഒരു ദിവസം നിങ്ങളോടൊപ്പം താമസിക്കാൻ താൻ മടങ്ങിയെത്തുമെന്ന്. നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷം സച്ചിൻ പൈലറ്റ് രാജസ്ഥാൻ ഉപമുഖ്യമന്ത്രിയായി. തൊട്ടുപിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പുകളുമെത്തി. തിരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞ് തിരക്കൊഴിഞ്ഞതോടെ വാക്ക് പാലിക്കാനായി സച്ചിൻ പൈലറ്റ് ഗ്രാമത്തിലേക്ക് എത്തി. രാജസ്ഥാനിലെ പഞ്ചായത്ത് വികസന വകുപ്പ് മന്ത്രികൂടിയാണ് സച്ചിൻ പൈലറ്റ്. കഴിഞ്ഞ ദിവസം ജെലോറിലെത്തിയ പൈലറ്റ് സർക്കാർ ഗസ്റ്റ് ഹൗസിലെ താമസം ഒഴിവാക്കി കസേല ഗ്രാമത്തിലെ കർഷകർക്കിടയിലേക്ക് എത്തുകയായിരുന്നു. രാത്രിയിൽ ജയ്കിഷന്റെ കുടുംബത്തോടൊപ്പം ചുരുങ്ങിയ സൗകര്യങ്ങളിൽ അദ്ദേഹം അന്തിയുറങ്ങി. പ്രത്യേക സൗകര്യങ്ങളൊന്നും ആവശ്യപ്പെടാതെ തനി നാട്ടിൻപുറത്തുകാരനായായിരുന്നു സച്ചിൻ പൈലറ്റിന്റെ ഒരു ദിനം. വിശാലമായ കൃഷിസ്ഥലത്തിന് മധ്യത്തിലായിരുന്നു വിശ്രമം. പിറ്റേന്ന് രാവിലെ വേപ്പുമരത്തിന്റെ തണ്ടുകൊണ്ട് പല്ലുതേച്ച് , കർഷക കുടുംബത്തിനൊപ്പം ഭക്ഷണം കഴിച്ച് നാട്ടുകാരുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയാണ് സച്ചിൻ പൈലറ്റ് മടങ്ങിയത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ ഒരു സീറ്റിൽ പോലും വിജയിക്കാൻ കോൺഗ്രസിനായില്ല. ഗ്രാമീണ മേഖലകളിലും കോൺഗ്രസിന്റെ വോട്ട് വിഹിതത്തിൽ കുറവുണ്ടായി. ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പല കാരണങ്ങളുമുണ്ടാകും പക്ഷെ സംസ്ഥാനം ഭരിക്കാൻ ജനങ്ങൾ തിരഞ്ഞെടുത്തത് കോൺഗ്രസിനേയാണ്. ജനങ്ങളുമായി അടുത്ത ബന്ധമാണ് കാത്ത് സൂക്ഷിക്കേണ്ടത്. രാജസ്ഥാനിലെ ജനങ്ങളെ സേവിക്കാനുള്ള ബാധ്യത കോൺഗ്രസിനുണ്ട്. അതാണ് താൻ ഈ കർഷകുടുംബത്തിനൊപ്പം ഒരു ദിനം ചെലവഴിച്ചതിന്റെ കാരണമെന്ന് പൈലറ്റ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here