നടന്‍ ഷാരൂഖ് ഖാനെ അമേരിക്കന്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു; നടപടി സുരക്ഷാ പരിശോധനയുടെ പേരില്‍; വേദനിപ്പിച്ചുവെന്ന് ഷാരൂഖ്‌

0

ലോസ് ഏഞ്ചല്‍സ്(www.big14news.com): ബോളിവുഡ് താരം ഷാരൂഖ് ഖാനെ അമേരിക്കന്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. ലോസ് ഏഞ്ചല്‍സ് വിമാനത്താവളത്തിയ നടനെ സുരക്ഷ പരിശോധനയുടെ ഭാഗമായി എമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥരാണ് തടഞ്ഞത്. വിവരം ഷാരൂഖ് ഖാന്‍ തന്നെ ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചു. സുരക്ഷയുടെ ഭാഗമായ നടപടികളെ മാനിക്കുന്നു. എന്നാല്‍, യാത്ര തടസപ്പെടുത്തുന്ന വിധം എല്ലായിപ്പോഴും തടഞ്ഞുവെക്കുന്ന യുഎസ് എമിഗ്രേഷന്‍ നടപടിയില്‍ കടുത്ത എതിര്‍പ്പുണ്ടെന്നും ഇത് തന്നെ വേദനിപ്പിക്കുന്നുവെന്നും ഷാരൂഖ് ട്വീറ്റ് ചെയ്തു.

ഇതാദ്യമായല്ല ഷാരൂഖിനെ അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ സുരക്ഷയുടെ പേരില്‍ തടഞ്ഞുവെക്കുന്നത്. 2009ലും 2012 ഏപ്രിലിലും യു.എസ് സന്ദര്‍ശനത്തിനിടെ ഷാരൂഖ് ഖാനെ ന്യൂയോര്‍ക്ക് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ രണ്ടു മണിക്കൂര്‍ തടഞ്ഞുവെച്ചിരുന്നു.ദീര്‍ഘമായ യാത്രയ്ക്ക് ശേഷം വിമാനത്താവളങ്ങളില്‍ മൂന്ന് മണിക്കൂറോളം പിടിച്ചുവെക്കുന്നതില്‍ താരം കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തന്റെ മക്കളുടെ വിദ്യാഭ്യാസത്തിന് യുഎസിലെ നല്ല സര്‍വകലാശാലകളെ കുറിച്ച് അറിയാനാണ് ഇടയ്ക്കിടെ അവിടെ സന്ദര്‍ശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.ഷാരൂഖിനെ തടഞ്ഞ സംഭവത്തില്‍ അന്ന് ഇന്ത്യയിലെ യു.എസ് മിഷന്‍ ഉപമേധാവി ഡൊണാള്‍ഡ് ലുവിനെ വിളിച്ചുവരുത്തി കേന്ദ്രസര്‍ക്കാര്‍ പ്രതിഷേധം അറിയിച്ചിരുന്നു. പിന്നീട് യു.എസ് അധികൃതര്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. പേരിന്റെ അവസാനം ‘ഖാന്‍’ എന്നുളളതായിരുന്നു വിമാനത്താവള അധികൃതര്‍ക്ക് ആശയക്കുഴപ്പം സൃഷ്ടിച്ചത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന് ശേഷം യു.എസ് പുറത്തിറക്കിയ കരിമ്പട്ടികയില്‍ ഈ പേരും ഉള്‍പ്പെട്ടിട്ടുണ്ട്. മുസ്ലിം നാമമാണ് ഷാരൂഖിനെ തടഞ്ഞുവെക്കാന്‍ കാരണമെന്നാണ് ആക്ഷേപം.

LEAVE A REPLY

Please enter your comment!
Please enter your name here