ശിവസേന നേതാവ് കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജിവെച്ചു

0

ന്യൂഡല്‍ഹി: ശിവസേന എംപി അരവിന്ദ് സാവന്ത് കേന്ദ്രമന്ത്രിപദം രാജിവെച്ചു. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി എന്‍സിപിയുടെ ഉപാധി അംഗീകരിച്ചാണ് രാജി. കേന്ദ്ര മന്ത്രി സഭയിലെ ഏക ശിവസേന അംഗമാണ് അരവിന്ദ് സാവന്ത്. രാജിയിലൂടെ ബിജെപിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചിരിക്കുകയാണ് ശിവസേന. മഹാരാഷ്​ട്രയിലെ രാഷ്​ട്രീയ സംഭവ വികാസങ്ങള്‍ക്ക്​ തുടര്‍ച്ചയായാണ്​ രാജി. ശിവസേനയുടെ പക്ഷമാണ്​ ശരിയെന്നും ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറില്‍ തുടരേണ്ട കാര്യമില്ലെന്നും അരവിന്ദ്​ സാവന്ത്​ ട്വീറ്റ്​ ചെയ്​തു. ലോക്​സഭ തെരഞ്ഞെടുപ്പിന്​ മുമ്പ്​ തന്നെ അധികാരം സംബന്ധിച്ച്‌​ ബി.ജെ.പിയുമായി കരാറുണ്ടായിരുന്നു. ഈ കരാര്‍ ലംഘിക്കുന്നത്​ മര്യാദകേടാണ്​. വാര്‍ത്താസമ്മേളനം വിളിച്ച്‌​ കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ബി.ജെ.പിയെ ക്ഷണിച്ചിരുന്നു. തിങ്കളാഴ്ച രാത്രി 11 മണിക്ക് മുമ്ബ് സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ശിവസേനയുടെ പിന്തുണ ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം സഖ്യത്തിന് ഇല്ലെന്ന് ബി.ജെ.പി നേതാക്കള്‍ ഗവര്‍ണറെ അറിയിക്കുകയായിരുന്നു.

സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ഗവര്‍ണറെ അറിയിച്ചതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലും സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ബി.ജെ.പിയും ശിവസേനയും മുന്നണിയായാണ് മത്സരിച്ചത്. ബി.ജെ.പി-ശിവസേനാ സഖ്യത്തിന് അനുകൂലമായി ജനം വിധിയെഴുതി. എന്നാല്‍ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിനൊപ്പം ചേര്‍ന്ന് ജനവിധിയെ അപമാനിക്കാനാണ് ശിവസേനയുടെ താല്‍പ്പര്യം. അതാണ് അവരുടെ താല്‍പ്പര്യമെങ്കില്‍ ശിവസേനയ്ക്ക് ആശംസകള്‍ നേരുന്നുവെന്നും ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here