റിയാസ് മൗലവി വധക്കേസ്; ഒരു നാട് നീതിക്കായി കാത്തിരിക്കുകയാണ്

0

കാസർഗോഡിന്റെ മതേതര സമൂഹത്തിന്റെ ഇടംനെഞ്ചിലേക്ക് വലിയ വിള്ളൽ വീഴ്ത്തിയായിരുന്നു നാം അന്ന് ആ വാർത്ത കേട്ടത്.പള്ളിയിൽ കിടന്നുറങ്ങുകയായിരുന്ന മദ്രസാധ്യാപകനായ റിയാസ് മൗലവി കഴുത്തറത്ത് കൊല്ലപ്പെട്ടിരിക്കുന്നു എന്നായിരുന്നു ആ വാർത്ത.കൊലപാതകികളായ ആർ എസ് എസ് പ്രവർത്തകരെ പോലീസ് ഒരു ദിവസത്തിനുള്ളിൽ തന്നെ പിടികൂടുകയും ചെയ്തു.വലിയ സമുദായ കലാപത്തിനാണ് പ്രതികൾ ശ്രമിച്ചതെന്ന് വ്യക്തമാണെന്നിരിക്കെ ക്ഷമ കൈവിടാതെ, വികാരം അടക്കിപ്പിടിച്ച്, നാടിന്റെ സമാധാനത്തിനായി പ്രയത്നിച്ച മനുഷ്യരാണ് കാസർഗോഡുകാർ.തങ്ങൾ പ്രകോപിതരായാൽ അത് കൊലയാളികളുടെ വിജയമായിരിക്കുമെന്ന് അവർക്കറിയാമായിരുന്നു.ഒരു പക്ഷെ കേരളം ഇതുവരെ കാണാത്ത സാമുദായിക സംഘർഷത്തിൽ നിന്നുമാണ് അവരുടെ സംയമനം നാടിനെ രക്ഷിച്ചത്.നീതിപ്പീഠത്തിൽ നിന്നും നീതി വരുന്നതും കാത്ത് ഒരു നാട് കാത്തിരിക്കുകയാണ്.റിയാസ് മൗലവിയെ കൊലപ്പെടുത്തിയ ഒരാളും രക്ഷപ്പെടരുത് .മറ്റു ഗൂഢാലോചന ഇതിന്റെ പിറകിലുണ്ടെങ്കിൽ അവരെയും വെറുതെ വിടരുത്.കര്‍ണാടക കുടക് സ്വദേശിയും പഴയ ചൂരി മുഹ് യുദ്ദീന്‍ ജുമാമസ്ജിദിലെ മുഅദ്ദിനുമായിരുന്ന റിയാസ് മൗലവിയെ 2017 മാര്‍ച്ച് 21ന് പുലര്‍ച്ചെയാണ് ചൂരി ജുമാമസ്ജിദിലെ താമസസ്ഥലത്ത് കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയത്.സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു (20), നിതിന്‍ (19), കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.ഇപ്പോഴത്തെ കാസർഗോഡ് എസ് പിയായ ശ്രീനിവാസാണ് റിയാസ് മൗലവി വധക്കേസ് അന്വേഷിച്ചത്.കൊലപാതകികളെ പെട്ടെന്ന് പിടികൂടി അന്വേഷണസംഘം മിടുക്ക് കാണിച്ചു.ഇനി കാണേണ്ടത് പ്രതികൾക്ക് എന്ത് ശിക്ഷ കിട്ടുമെന്നാണ്.റിയാസ് മൗലവിയുടെ ഭാര്യ കുടക് ജില്ല ഹൊഡബയിലെ എം ഇ സൈദ പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് ഫയൽ ചെയ്തിട്ടുമുണ്ട്.യുഎപിഎ ചുമത്താനുള്ള വകുപ്പുകൾ കേസിലുണ്ടന്നിരിക്കെ സർക്കാരിന്റെ നിലപാട് ഇവിടെ പ്രസക്തമാണ്.കേസിൽ ഇന്ന് വിചാരണ ആരംഭിച്ചിരിക്കുകയാണ്.നീതിക്കായി ഒരു നാട് കാത്തിരിക്കുന്നു.ഇനി സമാനമായ ഒരു കൊലപാതകത്തിന് ആരും തുനിയാതിരിക്കാൻ വേണ്ടി പ്രതികൾക്ക് തക്ക ശിക്ഷ കിട്ടാൻ വേണ്ടി ഒരു സമൂഹം കാത്തിരിക്കുന്നു.