മാസ്സ് കോപ്പിയടിക്ക് അവസരമൊരുക്കി കോളേജ് അധികൃതർ; ഡിഗ്രി പരീക്ഷ നടന്നത് ഇങ്ങനെ…

0

മാസ്സ് കോപ്പിയടിക്ക് അവസരമൊരുക്കി ബെട്ടിയ്യ റാം ലഗാന്‍ സിങ് യാദവ് കോളേജ് അധികൃതർ. ബിഹാറിലാണ് സംഭവം. കോളജിലെ ഡിഗ്രി പരീക്ഷ നടന്നത് വരാന്തയിലും ഗ്രൗണ്ടിലുമാണ്. വിദ്യാര്‍ഥികള്‍ ഒരുമിച്ചിരുന്നാണ് പരീക്ഷ എഴുതിയത്. പരസ്പരം നോക്കിയും പുസ്തകം പരിശോധിച്ചും പരീക്ഷ എഴുതുന്ന വീഡിയോ പുറത്തുവന്നതോടെ സംഭവം വിവാദമായി. അവസാന വര്‍ഷ ബിരുദ പരീക്ഷയാണ് വിവാദമായിരിക്കുന്നത്.

ബാബാ സാഹിബ് ഭീംറാവു അംബേദ്കര്‍ ബിഹാര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളജാണിത്. അതേസമയം, ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് വിവരം. ഈ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ഒട്ടേറെ കോളജുകളില്‍ സമാനമായ രീതിയിലാണ് പരീക്ഷ നടന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോളജ് കോംപൗണ്ടില്‍ എവിടെയിരുന്നും പരീക്ഷ എഴുതാമെന്നായിരുന്നു നിബന്ധന. ഇതോടെ വിദ്യാര്‍ഥികള്‍ പരസ്പരം നോക്കി എഴുതുകയായിരുന്നു. അതേസമയം, കോളജ് അധികൃതര്‍ സംഭവം ന്യായീകരിച്ച് രംഗത്തുവന്നു. സ്ഥലപരിമിതി മൂലമാണ് കുട്ടികളെ പുറത്തിരുത്തി പരീക്ഷ എഴുതിച്ചതെന്ന് കോളജ് പ്രിന്‍സിപ്പല്‍ രാജേശ്വര്‍ പ്രസാദ് യാദവ് പറഞ്ഞു. കോളജില്‍ 2500 വിദ്യാര്‍ഥികള്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണുള്ളത്. എന്നാല്‍ 6000 കുട്ടികള്‍ക്കുള്ള സെന്ററാണ് കോളജില്‍ സര്‍വകലാശാല അനുവദിച്ചത്. അതുകൊണ്ടാണ് വരാന്തയിലും ഗ്രൗണ്ടിലുമിരുന്ന് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു. കോപ്പിയടി നടന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here