സിദ്ധു കോൺഗ്രസ് വിടുമോ? മറുഭാഗത്ത് നീക്കങ്ങൾ സജീവം

0

പഞ്ചാബ് കോണ്‍ഗ്രസ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന മുന്‍ ക്രിക്കറ്റ് താരം നവജോത് സിങ് സിദ്ധു മന്ത്രി പദവി രാജിവെച്ചതോടെ സിദ്ധുവിനെ ഒപ്പം നിർത്താൻ ശ്രമങ്ങളാരംഭിച്ച് എഎപി. സിദ്ധുവിനെ ആം ആദ്മി പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയാണെന്ന് പഞ്ചാബ് പ്രതിപക്ഷ നേതാവ് ഹര്‍പാല്‍ സിങ് ചീമ പറഞ്ഞു. യുവാക്കളുടെയും കര്‍ഷകരുടെയും ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും എഎപിയിലേക്ക് വരാമെന്നും ചീമ വ്യക്തമാക്കി. എന്നാൽ സിദ്ധു മന്ത്രിപദവി മാത്രമാണ് രാജിവെച്ചത്. കോണ്‍ഗ്രസ് അംഗത്വം രാജിവെച്ചിട്ടില്ല.

അതേസമയം, സിദ്ധുവിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്തെത്തി. അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന നേതാവാണ് സിന്‍ഹ. ഇദ്ദേഹം നേരത്തെ ബിജെപി എംപിയായിരുന്നു. മോദി-അമിത് ഷാ സഖ്യത്തിനെതിരായി പരസ്യ വിമര്‍ശനം നടത്തിയ ശേഷമാണ് സിന്‍ഹ ബിജെപി വിട്ടതും കോണ്‍ഗ്രസില്‍ ചേര്‍ന്നതും. സിദ്ധു നല്ല വ്യക്തിത്വത്തിന് ഉടമയാണെന്ന് സിന്‍ഹ പറഞ്ഞു. മന്ത്രിപദവി രാജിവെച്ചതില്‍ സങ്കടമുണ്ട്. പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നാണ് കരുതുന്നതെന്നും ശത്രുഘ്‌നന്‍ സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായി ഉടക്കി നില്‍ക്കവെയാണ് കോണ്‍ഗ്രസ് നേതാവ് നവജോത് സിങ് സിദ്ധു മന്ത്രിപദവി രാജിവെച്ചത്. പഞ്ചാബ് കോണ്‍ഗ്രസില്‍ കുറച്ചുകാലമായി സിദ്ധുവും അമരീന്ദര്‍ സിങും തമ്മില്‍ അസ്വാരസ്യം രൂക്ഷമായിരുന്നു. പല മന്ത്രിസഭാ യോഗങ്ങള്‍ക്കും സിദ്ധു എത്താതിരുന്നത് നേരത്തെ വാര്‍ത്തയായിരുന്നു. ഇതിന്റെ അനന്തരഫലമാണ് സിദ്ധുവിന്റെ രാജി.

LEAVE A REPLY

Please enter your comment!
Please enter your name here