യോഗി ആദിത്യനാഥിനും മായാവതിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക്

0

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബി.എസ്.പി അധ്യക്ഷ മായാവതിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. വിദ്വേഷ പ്രസംഗം നടത്തിയതിനാണ് വിലക്ക്. മൂന്ന് ദിവസത്തേക്ക് യോഗി ആദിത്യനാഥ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ പാടില്ല. മായാവതിക്ക് രണ്ട് ദിവസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

കോണ്‍ഗ്രസിന് വോട്ട് ചെയ്ത് വോട്ടുകള്‍ വിഘടിപ്പിക്കാതെ ബി.എസ്.പി-എസ്.പി സഖ്യത്തിന് വോട്ടു നല്‍കാന്‍ സംസ്ഥാനത്തെ മുസ്‌ലിം വോട്ടര്‍മാരോട് ആവശ്യപ്പെട്ടതിനാണ് മായാവതിക്കെതിരെ കമ്മീഷന്‍ നടപടിയെടുത്തത്. മുസ്‍ലിം ലീഗിനെതിരെ നടത്തിയ വൈറസ് വിവാദ പരാമര്‍ശത്തിനാണ് യോഗി ആദിത്യനാഥിനെതിരെ നടപടിയെടുത്തത്.

“കേരളത്തിലെ ഒരു സീറ്റില്‍ രാഹുല്‍ ഗാന്ധി നടത്തിയ നോമിനേഷന്‍ റാലി നിങ്ങള്‍ കണ്ടിട്ടുണ്ടാകും. കോണ്‍ഗ്രസ് കൊടികള്‍ക്ക് പകരം പച്ചക്കൊടികള്‍ മാത്രമാണ് അവിടെ നിങ്ങള്‍ക്ക് കാണാനായത്. കോണ്‍ഗ്രസിനെ പച്ച വൈറസ് ബാധിച്ചിരിക്കുകയാണ്’- എന്നായിരുന്നു ആദിത്യനാഥിന്റെ പരാമര്‍ശം. കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ ഈ വൈറസ് രാജ്യത്തെയാകെ ബാധിക്കുമെന്നും ലീഗുമായുള്ള കോണ്‍ഗ്രസിന്റെ ബന്ധം രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.